ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറിയ കീര്‍ത്തി സുരേഷ് തമിഴിലൂടെ തെലുങ്കിലുമെത്തി മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം വരെ നേടിക്കഴിഞ്ഞു.
ദേശീയ പുരസ്കാരം ലഭിച്ച ശേഷം ധാരാളം അവസരങ്ങള്‍ നടിയെ തേടിയെത്തുന്നുണ്ട്. അക്കൂട്ടത്തിലാണ് ബോളിവുഡ് ചിത്രമായ മൈദാന് എത്തിയത്.
1952 നും 1962 നും ഇടയിലുള്ള ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലത്തെ കുറിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമിത് രവീന്ദ്രനാഥ് ശര്‍മയാണ്.
അജയ് ദേവ്ഗണാണ് ചിത്രത്തിലെ നായകൻ. ആധുനിക ഇന്ത്യന്‍ ഫുട്ബോളിന്റെ ആര്‍കിടെക്ട് എന്നറിയപ്പെടുന്ന സയ്ദ് അബ്ദുള്‍ റഹ്മാനായി അജയ് എത്തുന്ന ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡില്‍ നാന്ദി കുറിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം മൈദാന് എന്ന ചിത്രത്തില്‍ നിന്നു കീര്‍ത്തി സുരേഷ് പിന്മാറി. തന്റെ പ്രായത്തിന് പറ്റിയ വേഷമല്ല എന്ന കാരണത്താലാണത്രെ കീര്‍ത്തി സിനിമയില്‍ നിന്നു പിന്മാറിയത്.
അജയ് ദേവഗണിന്റെ നായികാ വേഷം എന്നൊക്കെ പറഞ്ഞാല്‍ അല്പം പ്രായക്കൂടുതല്‍ വേണം. അത്രയ്ക്കൊന്നും താന്‍ വളര്‍ന്നിട്ടില്ല എന്നാണത്രെ കീര്‍ത്തിയുടെ പക്ഷം.
അതേ സമയം കീര്‍ത്തിക്ക് പകരം ആര് ചിത്രത്തിലെ നായികയാവും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിലവില്‍ കീര്‍ത്തി സുരേഷ്.
പെണ്‍ഗ്വിന്‍ എന്ന ചിത്രത്തിന് ശേഷം കീര്‍ത്തി സുരേഷിന്റെ മിസ് എന്ന എന്ന സിനിമയും കഴിഞ്ഞ ദിവസം ഒടിടി സംവിധാനത്തിലൂടെ പുറത്തിറങ്ങിയിരുന്നു.
തെലുങ്കിലും തമിഴിലും കൈ നിറയെ ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിന്. അതിനിടയില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മലയാള സിനിമയിലും കീര്‍ത്തി സാന്നിധ്യം അറിയിക്കുന്നുണ്ട്.
മഹാനടി എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം കിട്ടിയതോടെ ഉത്തരവാദിത്വം കൂടി എന്നും, അതിനാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കാറുണ്ടെന്നും കീര്‍ത്തി പറയുന്നു.
കൂടുതലും സ്ത്രീകേന്ദ്രീകൃത സിനിമകളില്‍ അഭിനയിക്കാനാണത്രെ കീര്‍ത്തിക്ക് താത്പര്യം.