മലപ്പുറം: മന്ത്രചികിത്സകനു കോവിഡ് ബാധയെത്തുടർന്നു കീഴാറ്റൂരിൽ അതീവജാഗ്രത. രോഗം സ്ഥിരീകരിച്ച എണ്പത്തിയഞ്ചുകാരൻ മന്ത്ര ചികിത്സകനായതിനാൽ ഇയാളെ സന്ദർശിക്കാനും പലരും വീട്ടിൽ എത്തിയിട്ടുണ്ടാകാമെന്നതും രോഗത്തിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്.
85കാരൻ പനിയും ജലദോഷവും ബാധിച്ചപ്പോൾ ആരോഗ്യ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ മറച്ചു വച്ചു. രോഗം ബാധിച്ചശേഷവും മുൻപും വെളളത്തിൽ മന്ത്രിച്ച് ഓതുന്നത് അടക്കമുളള ചികിത്സകൾ ഇയാൾ നടത്തിയിരുന്നു.
ആരൊക്കെയാണു ചികിത്സ തേടി എത്തിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതു ആരോഗ്യവകുപ്പ് അധികൃതരെ കുഴയ്ക്കുന്നു.
രോഗിയുമായും ഉംറ തീർഥാടനം കഴിഞ്ഞെത്തിയ മകനുമായും ഇടപഴകിയവരെ കണ്ടെത്താനുളള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും.
ഉംറ തീർഥാടനം കഴിഞ്ഞെത്തിയ മകൻ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം വകവയ്ക്കാതെ ആനക്കയത്തു നടന്ന പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
പല സ്ഥലങ്ങളിൽനിന്നുളള 180 പേർ ഈ പ്രാർഥനയിൽ മാത്രം പങ്കെടുത്തിട്ടുണ്ട്. എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കാനുളള പരിശ്രമം തുടരുകയാണ്. മതപരമായ ഒട്ടേറെ മറ്റു പരിപാടികളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്.
രോഗിയും കുടുംബവുമായി ഇടപെട്ട എല്ലാവരോടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്കോവിഡ് 19 സ്ഥിരീകരിച്ച കീഴാറ്റൂരിലെ സ്ഥിതിഗതികൾ ഗുരുതരമാകാതിരിക്കണമെങ്കിൽ അതീവ ജാഗ്രത അനിവാര്യമാണെന്നു കോവിഡ് പ്രതിരോധ മുഖ്യസമിതി അവലോകന യോഗത്തിലും വിലയിരുത്തിയിരുന്നു.
കോവിഡ് സ്ഥിരീകരിച്ചവരെ ബന്ധപ്പെടാനിടയായവരിൽ നിന്നു ചിലരുടെ സാന്പിളുകൾ പരിശോധനക്ക് വിധേയമാക്കും.
തുടർന്നു ആവശ്യമെങ്കിൽ കാസർഗോഡിനു സമാനമായ രീതിയിൽ പ്രത്യേക നിയന്ത്രണങ്ങൾ പ്രദേശത്തു വരും ദിവസങ്ങളിൽ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.