ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാധ്യത കോൺഗ്രസ് ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനു തൊട്ടുപിന്നാലെയാണ് എഎപി നേതാവു കൂടിയായ കേജരിവാൾ ഡൽഹി സഖ്യത്തെക്കുറിച്ച് നയം വ്യക്തമാക്കിയത്. കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സഖ്യം ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞതാണെന്ന് കേജരിവാൾ പറഞ്ഞു.
കോൺഗ്രസുമായി സഖ്യത്തിനു ആം ആദ്മി പാർട്ടി കൂടുതൽ താൽപര്യമെടുക്കുമോയെന്ന ചോദ്യത്തിന് ത്രികോണ മത്സരത്തിൽ ബിജെപിയായിരിക്കും നേട്ടമുണ്ടാക്കുക എന്നതായിരുന്നു കേജരിവാളിന്റെ മറുപടി. കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരത് പവാറിന്റെ വീട്ടിൽ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ രാഹുലും കേജരിവാളും ഒരുമിച്ച് പങ്കെടുത്തിരുന്നു.ഇരുവരും ആദ്യമായാണ് ഒന്നിച്ച് ഒരു വേദിയിൽ എത്തുന്നത്.
യോഗത്തിൽ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കാൻ ധാരണയായിരുന്നു. മമത ബാനർജി അടക്കം നിരവധി പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. ശരത് പവാറാണ് പ്രതിപക്ഷ നേതാക്കളെ വിളിച്ചു ചേർത്തത്.