ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ നടന്ന അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരേ ഉയർന്നിട്ടുള്ള വിവാദങ്ങളെ മുക്കക്കളിഞ്ഞേക്കുമെന്നു പ്രതിപക്ഷത്തിന് ആശങ്ക. ബിജെപി ലക്ഷ്യമിടുന്നതും ഇതുതന്നെയെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇലക്ടറൽ ബോണ്ട് വിവാദം കേന്ദ്രസർക്കാരിനെയും ബിജെപിയെയും കടുത്ത പ്രതിരോധത്തിലേക്കു തള്ളിവിട്ടിരുന്നു. ബിജെപി എക്കാലവും ഉയർത്തിക്കാട്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടിയുടെയും അഴിമതിവിരുദ്ധ പ്രതിഛായയ്ക്ക്, ബോണ്ട് വിവാദം കനത്ത കരിനിഴൽ വീഴ്ത്തി.
ഇന്ത്യ സഖ്യം ബോണ്ട് വിവാദം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കുന്നതിടെയാണു സഖ്യത്തിലെ പ്രധാനിയായ അരവിന്ദ് കേജരിവാളിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുന്നത്
. ഡൽഹിയിലെ കോൺഗ്രസ് -ആംആദ്മി പാർട്ടി സഖ്യം ഉയർത്തുന്ന വെല്ലുവിളിയും ബിജെപിയെ വലിയതോതിൽ അലോസരപ്പെടുത്തിയിരുന്നു. വീണ്ടും ഭരണത്തിലേക്കു കുതിക്കുന്ന ബിജെപിക്കു പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വലിയ തിരിച്ചടിയാണ്.
അതേസമയം, അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ കൂട്ടായ പ്രതിഷേധത്തിനാണ് ഇന്ത്യ സഖ്യം മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇനിയും സെറ്റാകാത്ത ഇന്ത്യ സഖ്യം കൂടുതൽ കരുത്താർജിക്കാൻ ഈ സംയുക്ത പ്രതിഷേധം ഒരുപക്ഷേ വഴിവച്ചേക്കാമെന്നും വിലയിരുത്തലുണ്ട്.