ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി ഭരണം തുടരുന്നതിനെതിരേ പരാതി നല്കി ബിജെപി. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നു ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ഗവർണർക്കാണ് ബിജെപി രേഖാമൂലം പരാതി നല്കിയത്.
ലഫ്റ്റനന്റ് ഗവർണർ നിയമവശം പരിശോധിച്ചു വരികയാണെന്ന് അറിയുന്നു. കേജരിവാളിനെതിരേ പോലീസിലും ബിജെപി പരാതി നൽകും. കഴിഞ്ഞ ദിവസം ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് കേജരിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലും ലഫ്. ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതി. അതിനിടെ സൗജന്യ മരുന്നും പരിശോധനകളും തുടരാനും കേജരിവാൾ നിർദേശം നൽകിയെന്നു മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു.
മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജരിവാൾ അറസ്റ്റിലായത്. അതിനിടെ കേജരിവാളിനായി തിഹാർ ജയിലിൽ സെൽ തയാറാക്കിയെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജുഡീഷൽ കസ്റ്റഡിയിൽ വിട്ടാലുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് അധികൃതരുടെ പ്രതികരണം.