ന്യൂഡൽഹി: മദ്യ നയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇഡി. രണ്ടു പേർക്കും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കെന്ന് ആരോപിച്ചാണ് ജാമ്യത്തെ എതിര്‍ക്കുക.
എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിന്റെ ജാമ്യത്തെ എതിർക്കാതിരുന്നത് ഇദ്ദേഹത്തിന് കേസിൽ നേരിട്ട് പങ്കില്ലാതിരുന്നതിനാലാണ്.
സഞ്ജയ് സിംഗിന്റെ ജാമ്യം മദ്യനയക്കേസിലെ വിചാരണയെ ബാധിക്കില്ലെന്നും എല്ലാ പ്രതികൾക്കുമെതിരേ തെളിവ് വിചാരണയിൽ നൽകുമെന്നും ഇഡി പറയുന്നു. അതേസമയം, ഇതുവരെ കേസിൽ തെളിവ് കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
കേജരിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കുന്നുണ്ട്.കേസിൽ ഇന്നലെ ഇഡി മറുപടി സമർപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിച്ചാണ് കേജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും കള്ളപ്പണ ഇടപാടിന് കേജരിവാൾ പാർട്ടിയെ ഉപയോഗിച്ചെന്നുമായിരുന്നു ഇഡിയുടെ മറുപടി.
45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പിന് വേണ്ടി കേജരിവാൾ ചെലവാക്കിയെന്നും ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ഇഡി മറുപടി നൽകിയിട്ടുണ്ട്. ജാമ്യം കിട്ടിയ സഞ്ജയ് സിംഗ് ഇന്ന് പുറത്തിറങ്ങും.