ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങൾ സഹായിക്കണമെന്നും കേജരിവാൾ ആഭ്യർഥിച്ചു.
കഴിഞ്ഞ അഞ്ച് വർഷം ഡൽഹിയിൽ നിരവധി കാര്യങ്ങൾ ചെയ്തു. തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ പക്കൽ പണമില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചില്ലിപ്പൈസ താൻ നേടിയിട്ടില്ല. തനിക്കുവേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അനധികൃത കോളനികൾ രജിസ്റ്റർ ചെയ്തു നൽകുമെന്ന കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കരുതെന്നും കേജരിവാൾ ഓർമിപ്പിച്ചു. രജിസ്റ്റർ ചെയതു തരുന്നതുവരെ ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ കോളനികളിൽ താൻ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിർമിക്കുകയും ചെയ്തു. ഈ സമയം ഇവർ എവിടെയായിരുന്നെന്നും കേജരിവാൾ ചോദിച്ചു.