ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു വീട്ടിൽ പാകംചെയ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ സാധനങ്ങൾ സ്വന്തം ഡോക്ടർ നിർദേശിച്ചതിൽനിന്നു വ്യത്യസ്തമാണെന്നു ഡൽഹി കോടതി നിരീക്ഷിച്ചു.
ഉരുളക്കിഴങ്ങ്, അർബി (താറോ), മാമ്പഴം തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഡോക്ടർ നിർദേശിച്ചിട്ടില്ല. എന്നാൽ അവ അദ്ദേഹത്തിന് നൽകിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നു കോടതി പറഞ്ഞു.
പ്രമേഹരോഗിയായ കേജരിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാതെ ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചതിന് ദിവസങ്ങൾക്കുശേഷമാണു കോടതിയുടെ പരാമർശം.
മെഡിക്കൽ ബോർഡ് നിർദേശിക്കുന്ന ഡയറ്റ് പ്ലാൻ കർശനമായി പാലിക്കുമെന്ന വ്യവസ്ഥയിൽ കേജരിവാളിനു വീട്ടിൽ പാകംചെയ്ത ഭക്ഷണം നൽകുന്നത് തുടരാമെന്നു കോടതി വിധിച്ചു. എന്നാൽ, ഇൻസുലിൻ നൽകണമെന്ന കേജരിവാളിന്റെ അപേക്ഷ അദ്ദേഹത്തിന്റെ വാക്കിൽ മാത്രം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.