ന്യൂഡൽഹി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിനും കേരളത്തിൽ ഇടതുപക്ഷത്തിനും പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനും ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കും കോണ്‍ഗ്രസ് ക്ഷീണമുണ്ടാക്കുകയാണെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
ഡൽഹി വോട്ടു ചെയ്യാൻ രണ്ടു ദിവസം ബാക്കിനിൽക്കെയാണ് കേജരിവാൾ കോണ്‍ഗ്രസ് അധ്യക്ഷനു നേരെ ആക്രമണം നടത്തുന്നത്. ബിജെപി-കോണ്‍ഗ്രസ്-എഎപി പാർട്ടികൾ തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന ഡൽഹിയിൽ, കോണ്‍ഗ്രസുമായി സഖ്യത്തിന് എഎപി ശ്രമിച്ചിരുന്നെങ്കിലും സാധ്യമായിരുന്നില്ല.
കോണ്‍ഗ്രസ് പ്രതിപക്ഷ പാർട്ടികൾക്കെതിരായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിജെപിക്ക് എതിരല്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്നും വ്യാജ ദേശീയതയിലൂടെ രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് മോദി ശ്രമിക്കുന്നതെന്നും കേജരിവാൾ കുറ്റപ്പെടുത്തി.