ന്യൂഡൽഹി: ബിജെപിയെയും നേതൃത്വത്തെയും കുറിച്ച് അഞ്ച് ചോദ്യങ്ങൾ ചോദിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന് എഴുതിയ കത്തിലാണ് ചോദ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളെയും ബിജെപിയുടെ പങ്കിനെയും ചോദ്യം ചെയ്യുന്നതാണ് കേജരിവാളിന്റെ കത്ത്.
എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ബാധകമായ ആർഎസ്എസിന്റെ വിരമിക്കൽ പ്രായപരിധി നിലവിൽ 73 വയസുള്ള പ്രധാനമന്ത്രി മോദിക്കും ബാധകമാണോയെന്ന് കേജരിവാൾ ചോദിച്ചു.
മോദി അഴിമതി ആരോപിച്ച ഒരു രാഷ്ട്രീയ നേതാവ് പിന്നീട് ബിജെപിയിൽ ചേർന്നത് നിങ്ങളെ വേദനിപ്പിക്കുന്നില്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം.
പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്താനും പകരം ബിജെപി സർക്കാരുകൾ രൂപീകരിക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ആർഎസ്എസിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആർഎസ്എസ് ആവശ്യമില്ലെന്ന ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണം എന്താണ്?
ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസ്, ബിജെപിയെ ശരിയായ പാതയിൽ കൊണ്ടുവരേണ്ടതല്ലേ?
എന്നീ ചോദ്യങ്ങളും കേജരിവാൾ കത്തിൽ ഉന്നയിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ രീതികൾ ഇന്ത്യയുടെ ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും തന്റെ ചോദ്യങ്ങൾക്ക് മോഹൻ ഭാഗവതിന്റെ മറുപടി പ്രതീക്ഷിക്കുന്നുവെന്നും കേജരിവാൾ പറഞ്ഞു.