ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തി വരുന്ന സമരം എട്ടാം ദിവസത്തിലെത്തി. പ്രശ്ന പരിഹാരത്തിന് ലഫ്റ്റനന്റ് ഗവർണർ ഇന്ന് സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേജരിവാൾ ട്വീറ്റ് ചെയ്തു.
എട്ടുദിവസം സമരം ചെയ്തിട്ടും പ്രശ്ന പരിഹാരത്തിന് എട്ടു മിനിറ്റ് പോലും സമയം മാറ്റി വയ്ക്കാൻ ലഫ്.ഗവർണർക്ക് സാധിച്ചില്ലെന്നും കേജരിവാൾ വിമർശിച്ചു. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ് എന്നീ മന്ത്രിമാരും കേജരിവാളിനൊപ്പം സമരത്തിലുണ്ട്.
കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവർ കേജരിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.