ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിൽ. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ഡൽഹി പോലീസ് കേജരിവാളിനെ അനധികൃത തടവിലാക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ ഒൗദ്യോഗിക ട്വിറ്ററിലൂടെയാണ് അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിലായ കാര്യമറിയിച്ചത്. വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറാൻ അനുവദിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.നേരത്തെ, സമരം ചെയ്യുന്ന കർഷകർക്കു പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി സർക്കാർ, ഡൽഹിയിലെ സ്റ്റേഡിയങ്ങൾ കർഷകർക്കുള്ള തുറന്ന ജയിലുകളാക്കാനുള്ള ഡൽഹി പോലീസ് പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു.