ന്യൂഡൽഹി: ഡൽഹിയിൽ പരമാധികാരം ആർക്കെന്ന തർക്കം മുറുകുന്നു. ആം ആദ്മി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള അധികാരത്തർക്കമാണ് രൂക്ഷമാകുന്നത്. ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം മുഖ്യമന്ത്രിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ അധികാരം ലഫ്. ഗവർണർക്ക് തന്നെയാണ്. അന്തിമ തീരുമാനം എടുക്കുന്നത് ലഫ്. ഗവർണർ തന്നെയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിലെ പരമാധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ലഫ്. ഗവർണറുടെ അധികാരം പരിമിതമാണെന്നുമുള്ള സുപ്രീംകോടതി ഉത്തരവുമൂലം സാഹചര്യങ്ങളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡൽഹിയിലെ ഭരണനിർവഹണത്തിൽ ലഫ്. ഗവർണർക്കാണോ സർക്കാരിനാണോ അധികാരമെന്ന തർക്കത്തിൽ ബുധനാഴ്ച സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ലഫ്. ഗവർണറുടെ അധികാരം പരിമിതമാണെന്നും മന്ത്രിസഭയുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.