കേളകം: അടയ്ക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുവീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ സന്തോഷിനെ തൂങ്ങി മരിച്ചനിലയിൽ കാണുന്നത്.
ദേഹമാസകലം പരിക്കേറ്റ പാടുകളും കാലിലെ ചെരിപ്പ് അഴിഞ്ഞുപോകാത്തതും പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ താഴെ വീഴാത്തതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായി സന്തോഷിന്റെ ഭാര്യയും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി കാടുവെട്ടൽ യന്ത്രം നന്നാക്കി കേളകത്തുനിന്ന് അടയ്ക്കാത്തോട്ടിലെ വീട്ടിലേക്ക് വരുന്ന വഴി പാറത്തോട്ടിൽ വച്ച് ഒരു സംഘമാളുകൾ തന്നെ മർദിച്ചതായി സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോബിൻസടക്കം അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നും സന്തോഷ് പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പോലീസിൽ പരാതിപ്പെടരുതെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ആക്രമണത്തിൽ സന്തോഷിന്റെ കണ്ണിന് സാരമായ പരിക്കേറ്റിരുന്നു. ശനിയാഴ്ച രാവിലെ മരുന്ന് വാങ്ങാനായി കേളകത്തേക്കു പോയ സന്തോഷ് പിന്നീട് തിരികെ വീട്ടിലെത്തിയിട്ടില്ല.
അന്നു രാത്രിയോടെ സന്തോഷിനെ കാണാതായതിനെ തുടർന്ന് കേളകം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് വെണ്ടേക്കുംചാൽ ശാന്തിഗിരി റോഡിന് സമീപം സന്തോഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
യാതൊരു കാരണവശാലും ഭർത്താവ് ആത്മഹത്യ ചെയ്യില്ലെന്നും വെള്ളിയാഴ്ച മർദിച്ച സംഘംതന്നെ ശനിയാഴ്ച വീണ്ടും മർദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നുമാണ് ഭാര്യയും ബന്ധുക്കളും ആരോപിക്കുന്നത്.
ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടത്. സന്തോഷിന്റെ മരണത്തിലെ ദുരൂഹത അന്വേഷി ക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകി.