കേളകം: ആറളം ഫാമിലും നരിക്കടവിലും കൊലയാളി കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കൃഷിയിടങ്ങളും വീടുകളും തകർത്തു. ഇന്നു പുലർച്ചയാണ് സംഭവം. ചെട്ടിയാംപറമ്പ് നരിക്കടവിലെ ആനമതിൽ തകർന്ന ഭാഗത്തു കൂടി കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്.
കോയിപ്പുറം സിബി, ചെറുശേരി റെജി എന്നിവരുടെ കൃഷിയിടത്തിലൂടെ കടന്ന് പെരുമത്ര വർഗീസ്, ചോലമറ്റം ജേക്കബിന്റെ കൃഷിയിടത്തിലൂടെ ചെട്ടിയാംപറമ്പ് പള്ളിക്ക് സമീപമെത്തിയത് അവിടെ നിന്ന് ചോലമറ്റം ബെസിയുടെ കൃഷിയിടത്തിലൂടെ പൂക്കുണ്ട് ആദിവാസി കോളനിയിലെത്തി. വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന ആദിവാസികൾ ഓടി രക്ഷപെട്ടതിനാൽ ജീവൻ തിരിച്ചുകിട്ടി.
കോളനിയിലെ വെള്ളകണ്ടിയുടെ വീടിനും കടയ്ക്കും കേടുപാടുണ്ടാക്കി. പുലർച്ചെ ആറോടെ വീടിന് മുറ്റത്തിരിക്കുകയായിരുന്ന മുണ്ടപ്ലാക്കൽ സജി, മകൻ ആൽബിൻ (16)എന്നിവരെ കാട്ടാന ഓടിക്കുന്നതിനിടെ ആൽബിന് കാലിന് പരിക്കേറ്റു.
തുടർന്ന് വളയംചാലിലെത്തിയ ആന ഉൽസവം കഴിഞ്ഞ് ആറളംഫാമി ലേക്ക് മടങ്ങുകയായിരുന്ന നാലംഗ കുടുംബത്തെ ആക്രമിച്ചു. ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ താമസക്കാരൻ പി.കെ കൃഷ്ണനും കുടുംബത്തിനും നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഫാമിലേക്ക് പോകാനായി വളയംച്ചാൽ തൂക്ക് പാലത്തിൽ കയറിയ കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ചു.
ഇതിനിടെ കൃഷ്ണന്റെ മകൾ ഷിനു (23) പാലത്തിൽ നിന്നും താഴെ വീണു. കോൺക്രീറ്റ് സ്ലാബിൽ തലയടിച്ച് ഗുരുതര പരിക്കേറ്റ ഷിനുവിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂക്കുപാലത്തിന്റെ തൂണും കാട്ടാന തകർത്തു.തുടർന്ന് കളപ്പുര ജോഷിയുടെ കൃഷിയിടത്തിലൂടെയാണ് ആന മതിൽ കടന്ന് ആറളം വന്യ ജീവി സങ്കേതത്തിലേക്ക് പോയത്. പ്രദേശത്ത് വ്യാപകവുമായ കൃഷി നാശവും ഉണ്ടാക്കി.