മാനന്തവാടി: കാർകൂന്തൽപോലെ നീളുന്ന ‘കേളു പയറും’ തടം നിറഞ്ഞ് കായ്ക്കുന്ന ‘കുളത്താട പയറും’ ഇനി സംസ്ഥാന സർക്കാരിന്റെ വിത്ത് ശേഖരത്തിൽ.
വയനാടിന്റെ തനത് വിത്തിനങ്ങൾ സംഭരിച്ച് കൂടുതൽ ഉത്പാദനത്തിന് നൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്താടയിൽ കൃഷിചെയ്യുന്ന പയറാണ് ‘കുളത്താട പയർ’. കുറ്റി പയറാണ്. രണ്ട് പതിറ്റാണ്ടിലധികമായി ഇവിടെ കർഷകരിത് കൃഷി ചെയ്യുന്നുണ്ട്.
പയ്യന്പള്ളി കൂടൽക്കടവിലെ ആദിവാസി കർഷകൻ കെ.സി. കേളു വികസപ്പിച്ചെടുത്ത പയറാണ് കേളു പയർ. നീളംകൂടി വളരുന്നതിനാൽ കാർകൂന്തലെന്ന വിളിപ്പേരും കിട്ടി. രണ്ട് വിത്തുകളും ശേഖരിച്ച് സംസ്ഥാനത്താകെ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ വിത്ത് സംഭരണവും വിതരണവും തുടങ്ങുന്നതോടെ വയനാടൻ പയറിന്റെ പെരുമ നാടറിയും. കേളു പയർ വയനാട്ടിൽ സുലഭമാണ്. നല്ല വിളവ് ലഭിക്കുന്നതിനാൽ ഭൂരിഭാഗം കർഷകരും ഇപ്പോൾ കൃഷി ചെയ്യുന്നത് ഈ ഇനമാണ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പാടങ്ങളിലും കേളു പയറിന്റെ സാനിധ്യമുണ്ട്. ഒരുകിലോ വിത്തിന് 2000-2500 രൂപവരെ വിലയുണ്ട്.
കുളത്താട പയർ അത്രപ്രശസ്തി നേടിയിട്ടില്ല. കുളത്താടയിൽ ഒതുങ്ങുകയാണ്. കൃഷി ഉദ്യോഗസ്ഥർ കാർഷിക മേളകളിൽ എത്തിച്ചതോടെയാണ് നല്ലകാലം തുടങ്ങിയത്. പുഞ്ചകൃഷിക്ക് ശേഷം വയലിലാണ് പയർനടുക.
തടങ്ങളിൽ തഴച്ചുവളരുന്ന ഇവയ്ക്ക് അത്യുത്പാദനശേഷിയുണ്ട്. 1520 സെന്റീമീറ്റർ നീളമുണ്ടാകും. പച്ചക്കും ഉണക്കിയും ഉപയോഗിക്കാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചിട്ടില്ല.
പച്ചക്കുള്ള ഉപയോഗം കഴിഞ്ഞാൽ ബാക്കി ഉണക്കി ശേഖരിക്കുകയാണ്. മാസങ്ങളോളം കേട് കൂടാതെയിരിക്കും. രുചിയിലും മുന്പിലാണ്. വിത്തിന് കിലോക്ക് 300രൂപവരെയുണ്ട്.
കൃഷി വകുപ്പിന് കീഴിലെ വിഎഫ്പിസികെ വഴിയായിരിക്കും വിത്ത് സംഭരണം. ലോക്ക്ഡൗണ് അവസാനിച്ച് ജീവിതം സാധരാരണനിലയിലാകുന്പോൾ വിത്ത് ശേഖരണം തുടങ്ങാനാണ് തീരുമാനം.