ബെയ്ജിംഗ്: ചൈനീസ് വിദേശകാര്യമന്ത്രിയായിരുന്ന ക്വിൻ ഗാംഗിനെ പദവിയിൽനിന്നു നീക്കാനുള്ള കാരണം അവിഹിതബന്ധമെന്നു റിപ്പോർട്ട്. അദ്ദേഹം അമേരിക്കയിൽ ചൈനീസ് അംബാസിഡറായിരുന്ന കാലത്ത് ഒരു സ്ത്രീയുമായി ബന്ധം പുലർത്തുകയും ഇതിൽ ഒരു കുഞ്ഞുണ്ടാവുകയും ചെയ്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ വിദേശകാര്യമന്ത്രി യായി നിയമിതനായ ക്വിന്നിനെ ജൂലൈയിലാണു നീക്കം ചെയ്തത്. എന്നാൽ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും ചൈന നല്കിയില്ല. നീക്കംചെയ്യപ്പെടുന്നതിനു മുന്പായി പൊതുവേദികളിൽനിന്ന് അപ്രത്യക്ഷനായ ക്വിന്നിനെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ല.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെയും സൈന്യത്തിലെയും ഉന്നതർക്കെതിരേ വൻ അന്വേഷണം നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിദേശ ഇടപാടുകളാണു കൂടുതലും അന്വേഷിക്കുന്നത്.
അടുത്തിടെ ചൈനീസ് പ്രതിരോധമന്ത്രി ലി ഷാംഗ് ഫു പൊതുവേദികളിൽനിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. അഴിമതി അന്വേഷണം നേരിടുന്ന അദ്ദേഹത്തെ പദവിയിൽനിന്നു നീക്കം ചെയ്ത് വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോർട്ടുണ്ട്.