ഇതിഹാസതാരങ്ങളായ പെലെയും മാറഡോണയെയും പിന്തള്ളി ഇക്വഡോർ കൗമാരതാരം കെൻഡ്രി പേസിന്റെ അരങ്ങേറ്റം. 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഉറുഗ്വെയ്ക്കെതിരേയായിരുന്നു പതിനാറുകാരനായ കെൻഡ്രി ഇക്വഡോർ ജഴ്സിയിൽ അരങ്ങേറിയത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റിക്കാർഡിൽ അർജന്റൈൻ ഇതിഹാസം ഡിയേഗോ മാറഡോണയെ കെൻഡ്രി പിന്തള്ളി.
മത്സരത്തിൽ ഒരു ഗോളിന് അസിസ്റ്റ് നടത്തിയതിലൂടെ ബ്രസീൽ ഇതിഹാസം പെലെയുടെ റിക്കാർഡും കെൻഡ്രി തിരുത്തി. രാജ്യാന്തര ഫുട്ബോളിൽ അസിസ്റ്റ് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റിക്കാർഡാണ് പെലെയെ പിന്തള്ളി കെൻഡ്രി സ്വന്തമാക്കിയത്.
മത്സരത്തിൽ ഫീലിക്സ് ടോറസിന്റെ (45+5’, 61’) ഇരട്ട ഗോളിലൂടെ ഇക്വഡോർ 2-1ന് ഉറുഗ്വെയെ തോൽപ്പിച്ചു. രണ്ടാം ഗോളിനായിരുന്നു കെൻഡ്രി അസിസ്റ്റ് നടത്തിയത്. മറ്റു മത്സരങ്ങളിൽ വെനസ്വേല 1-0ന് പരാഗ്വെയെ തോൽപ്പിച്ചപ്പോൾ ചിലിയും കൊളംബിയയും ഗോൾ രഹിതസമനില പാലിച്ചു.
കളിച്ച രണ്ടു മത്സരവും ജയിച്ച് ആറു പോയിന്റുമായി ബ്രസീലും അർജന്റീനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഗോൾ ശരാശരിയിൽ അർജന്റീനയെ പിന്തള്ളിയാണ് ബ്രസീൽ മുന്നിലുള്ളത്.