22 വർഷം മുന്പ് വാങ്ങിയ പണം തിരികെ നൽകുന്നതിനായി കെനിയൻ എംപി ഇന്ത്യയിൽ തിരിച്ചെത്തി. മഹാരാഷ്ട്രയിലെ ഒൗറംഗബാദിൽ കർഷകനായ കാശിനാഥ് ഗൗളിയിക്കു നൽകാനുണ്ടായിരുന്ന 200 രൂപയുടെ കടംവീട്ടാനാണ് കെനിയർ പാർലമെന്റ് അംഗമായ റിച്ചാർഡ് ന്യാഗക തോംഗി ഇന്ത്യയിൽ എത്തിയത്.
1985-89 കാലത്ത് തോംഗി മൗലാന ആസാദ് കോളജിൽ മാനേജ്മെന്റ് കോഴ്സിനു പഠിച്ചിരുന്നു. എല്ലാ ദിവസവും ഗൗളിയാണ് തോംഗിക്കു ഭക്ഷണം നൽകിയിരുന്നത്. കെനിയയിലേക്കു തിരിച്ചുപോകുന്പോൾ തോംഗി ഗൗളിക്ക് 200 രൂപ നൽകാനുണ്ടായിരുന്നു. അന്ന് വാങ്കഡെനഗറിൽ പലചരക്കുകട നടത്തുകയായിരുന്നു ഗൗളി. ഈ കടം വീട്ടുന്നതിനായാണ് താൻ തിരികെ എത്തിയതെന്ന് തോംഗിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
താൻ മോശം അവസ്ഥയിലായിരുന്ന സമയത്താണ് ഗൗളി തന്നെ സഹായിച്ചതെന്നും ആ കടം എന്നെങ്കിലും വീട്ടണമെന്ന് താൻ തീരുമാനിച്ചിരുന്നെന്നും തോംഗി പറയുന്നു. താൻ ഗൗളിയുടെ വീട് സന്ദർശിച്ചപ്പോൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാമെന്നു കുടുംബം പറഞ്ഞെങ്കിലും വീട്ടിൽനിന്നു തന്നെ ഭക്ഷണം കഴിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗളിയുടെ വീടിനൊപ്പം താൻ പഠിച്ച കോളജും സന്ദർശിച്ച തോംഗി വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. ഗൗളിയെ കെനിയയിലേക്കു ക്ഷണിച്ചശേഷമാണ് തോംഗി മടങ്ങിയത്. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് തോംഗി.