ഡൊമനിക് ജോസഫ്
മാന്നാർ: കതിർമണ്ഡപങ്ങൾ പലതരത്തിലുള്ള പ്രചാരണങ്ങളുടെ വേദിയാകുന്നത് വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കൗതുകം ജനിപ്പിക്കാറുണ്ട്. അടുത്ത നാളുകളിൽ ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി വിവാഹ വേദികളിൽ ഇതിന്റെ പ്രചരണാർത്ഥം വധൂവരൻമാർക്കും വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്ത സംഭവങ്ങളുണ്ട്.
വധൂ വരൻമാർക്ക് വൃക്ഷതൈകൾ നൽകികൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രചാരണങ്ങൾ നടത്തിയ വിവാഹത്തിനും മാന്നാർ സാക്ഷിയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹവേദി ഒരു യുവജന രാഷ്ട്രീയപാർട്ടിയുടെ മെന്പർഷിപ്പ് കാന്പയിന്റെ ഉദ്ഘാടനവേദി കൂടിയായി. ഡിവൈഎഫ്ഐ മാന്നാർ വെസ്റ്റ് മേഖലാ സെക്രട്ടറി കെവിൻ കെന്നഡിയുടെ വിവാഹവേദയിൽ ആണ് മെന്പർഷിപ്പ് കാന്പയിന്റെ മാന്നാർ ഏരിയാതല ഉദ്ഘാടനം നടന്നത്.
നവവധു രജ്ഞുവിന് വിവാഹവേദിയിൽ വച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം സഞ്ജുഖാൻ മെന്പർഷിപ്പ് നൽകിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഏരിയാ സെക്രട്ടറി പ്രശാന്ത്, പ്രസിഡന്റ് പി.എ.അൻവർ, സിപിഎം ഏരിയാ സെക്രട്ടറി പ്രഫ.പി.ഡി.ശശിധരൻ, കെ.എം.അശോകൻ, ബി.കെ.പ്രസാദ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.