യുകെയിലെ കെന്റില്‍ കണ്ടെത്തിയ അതിതീവ്രവ്യാപനശേഷിയുള്ള വൈറസിനും ജനിതകമാറ്റം സംഭവിച്ചതായി വിവരം. പുതിയ ഇനം വൈറസ് ലോകത്തിനാകെ ഭീഷണിയാകാന്‍ പര്യാപ്തമാണെന്നാണ് വിവരം.
വാക്‌സിന്‍ വഴി നേടിയ രോഗപ്രതിരോധശേഷി പോലും പുതിയ വൈറസിനു മുമ്പില്‍ അപ്രസക്തമായേക്കാമെന്നും യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീക്കോക്ക് പറയുന്നു.
നിലവില്‍ യുകെയിലെമ്പാടും പുതിയ വൈറസ് വ്യാപിച്ചു കഴിഞ്ഞു. ഇത് ലോകം മുഴുവന്‍ പടരാനുള്ള എല്ലാ സാധ്യതയുമുണ്ട്. വാക്‌സിനേഷനെ തുരങ്കം വയ്ക്കുന്നതാണ് കെന്റ് വൈറസെന്നും പീക്കോക്കും സംഘവും വ്യക്തമാക്കുന്നു.
ലോകത്ത് ഇതുവരെ 24 ലക്ഷത്തോളം ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. ഇതിനിടെ ലോകരാജ്യങ്ങളില്‍ പലതും വാക്‌സിനുകള്‍ പുറത്തിറക്കിയതോടെ ലോക ജനത ഒന്നാശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ വിവരങ്ങള്‍.