പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: മുട്ട ഉല്പാദനം വർധിപ്പിക്കാനും വീട്ടമ്മമാർക്ക് വരുമാനം നേടാനുമായി കേരളാ പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ വനിതാ മിത്രം, ആശ്രയ പദ്ധതികൾ നടപ്പാക്കുന്നു.
വനിതാ മിത്രം പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്തിൽ പതിനായിരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. വർഷത്തിൽ 200 ഓളം മുട്ട ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട 45 ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെയാണ് നല്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അംഗീകരിച്ച ഗുണഭോക്തൃതൃ പട്ടിക കെപ്കോയ്ക്ക് കൈമാറണം.ഒരു ഗുണഭോക്താവിന് 10 കോഴിക്കുഞ്ഞുങ്ങളെയാണ് നല്കുന്നത്. രണ്ട് കിലോ തീറ്റയും മരുന്നും നൽകും.
ഒരു പഞ്ചായത്തിൽ പതിനായിരം കുഞ്ഞുങ്ങളെയാണ് നൽകുന്നത്. ഗുണഭോക്താവ് ഗ്രാമപഞ്ചായത്തു മുഖേന തുക കൈപ്കോയ്ക്ക് കൈമാറണം. ഓരോ വാർഡിലെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടതും ഗുണഭോക്തൃവിഹിതം വാങ്ങി പഞ്ചായത്തിൽ നല്കേണ്ടതും ഗ്രാമ പഞ്ചായത്തംഗമാണ്.
പഞ്ചായത്തിന്റെ സ്വന്തം പദ്ധതി അല്ലാത്തതിനാൽ ഈ പദ്ധതിയിൽ നിന്നും ഒരു ഗ്രാമ പഞ്ചായത്തും പിന്നോട്ടു പോകേണ്ടതില്ല എന്ന് കെപ്കോ ചെയർപേഴ്സൺ ജെ.ചിഞ്ചുറാണി. ആവശ്യപ്പെടുന്ന പഞ്ചായത്തുകളിലൊക്കെ പദ്ധതി നടപ്പാക്കാൻ കെപ്കോ തയാറാണെന്നും അവർ ദീപികയോട് പറഞ്ഞു.
വിധവകൾക്ക് വേണ്ടിയാണ് വനിതാ മിത്രം പദ്ധതിയുടെ മറ്റൊരു പതിപ്പായ ആ ശ്രയ പദ്ധതി.ഈ പദ്ധതിയിൽ 10 കോഴിക്കുഞ്ഞുങ്ങളെയും അഞ്ച് കിലോ കോഴി തീറ്റയും മരുന്നും സൗജന്യമായി നല്കും.
ഗ്രാമപ്രിയ ഇനത്തിലുള്ള കോഴികളെയാണ് ആശ്രയ പദ്ധതിയിലും നല്കുന്നത്. ആവശ്യപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളിൽ ഈ പദ്ധതി നടപ്പാക്കാൻ കെപ്കോ സന്നദ്ധമാണ്.
വർഷത്തിൽ 300 ഓളം മുട്ട ഉപ്പാദിപ്പിക്കാൻ ശേഷിയുള്ള ബിവി 3 – 80 ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെയും കെപ്കോ വിതരണം ചെയ്തു വരുന്നു. 450 രൂപ വരെയാണ് ഈ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞിന്റെ വില.