തിരുവനന്തപുരം: പൊതുസ്ഥലത്തെ മലമൂത്ര വിസർജനം അടക്കം നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കു പിഴശിക്ഷ നിശ്ചയിച്ചു കേരള പോലീസ് ആക്ട് ചട്ടത്തില്‍ ഭേദഗതി വരുത്തി. കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ചു 500 മുതല്‍ 5,000 വരെ രൂപയാണു പിഴ ഈടാക്കുക.
കോമ്പൗണ്ടിംഗ് ഫീസ് 1,000 രൂപ വരെയുള്ള പിഴ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനു മുകളില്‍ 5,000 രൂപ വരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഈടാക്കി കേസ് രാജിയാക്കാം. ഈയിടെ കൊണ്ടുവന്ന എപ്പിഡമിക് ഡിസീസ് ഓര്ഡിനന്സിന്റെകൂടി അടിസ്ഥാനത്തിലാണു ചട്ടഭേദഗതി.
സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായ സാഹചര്യത്തിലാണ് പോലീസിനു കൂടുതല്‍ ഇനങ്ങളിൽ പിഴ ഈടാക്കാന്‍ അവസരം ഒരുക്കുന്നത്. കുറ്റാരോപിതനു നോട്ടീസ് നൽകി വേണം പിഴ ഈടാക്കാന്‍.
പൊതുസ്ഥലത്തു മറ്റുള്ളവര്‍ക്കു ശല്യമുണ്ടാക്കുന്ന വിധത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴ ഈടാക്കാം. പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാലും 500 രൂപ പിഴ ഈടാക്കാം.
മറ്റു പ്രധാന പിഴശിക്ഷകള്‍ രൂപയിൽ:
പോലീസ് സേനാംഗങ്ങളുടെ സേവനം തടയുകയോ അച്ചടക്ക ലംഘനം നടത്തുകയോ ചെയ്യാന്‍ പ്രേരിപ്പിച്ചാലോ 5,000 (എസ്പി).
പോലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താല്‍ 5,000 (എസ്പി).
പോലീസ് അന്വേഷണം വഴിതെറ്റിക്കാന്‍ തെറ്റായ വിവരം പോലീസുകാരനു നല്കിയാല് 5,000 (എസ്പി).
ബോധപൂര്‍വം പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ അവശ്യസര്‍വീസുകളെ വഴി തെറ്റിക്കുകയോ വ്യാജസന്ദേശം നല്‍കുകയോ ചെയ്താല്‍ 5,000 (എസ്പി).
18 വയസില്‍ താഴെയുള്ളവര്‍ക്കു ലഹരിപദാര്‍ഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്ക്കുകയോ സ്കൂള്‍ പരിസരത്തു സംഭരിക്കുകയോ ചെയതാല്‍ 5,000 (എസ്പി).
മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമനത്തിനും അരമണിക്കൂര്‍ മുന്‍പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാല്‍ 500 (എസ്ഐ).
വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ച് അടിയില്‍ കൂടുതല്‍ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാല്‍ 500 (എസ്ഐ).
വളര്‍ത്തുമൃഗങ്ങളെ അയല്‍വാസികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി വിട്ടാൽ 500 (എസ്ഐ).
മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകള്‍ പതിച്ചാല്‍ 1,000 (എസ്ഐ).
ഫോൺ, ഇ -മെയില്‍ തുടങ്ങിയവ വഴി ഒരാള്‍ക്ക് ശല്യമായിത്തീർന്നാല് 1,000. (എസ്ഐ).