തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നും 6,802 പേർ കേരളത്തിൽ മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
2,03,189 പേർ കോവിഡ് ജാഗ്രതാ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തു. പാസ് തേടിയത് 69,108 പേരാണ്. 32,878 പാസുകൾ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട്ടിൽ നിന്ന് 4,298 പേർ, കർണാടകയിൽ നിന്ന് 2,120 പേർ, മഹാരാഷ്ട്രയിൽ നിന്ന് 98 പേരുമാണ് എത്തിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലേക്കാണ് കൂടുതൽ പേർ എത്തിയത്. വാളയാർ ചെക്ക്പോസ്റ്റിലൂടെ മാത്രം 4,369 പേർ വന്നു. മഞ്ചേശ്വരം ചെക്ക്പോസ്റ്റിലൂടെ 1,637 പേരും വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിന് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള സ്ഥലം ഹോട്ട്സ്പോട്ടാണെങ്കിൽ തിരിച്ചെത്തിയാൽ സർക്കാർ ഏർപ്പെടുത്തുന്ന ക്വാറന്റൈനിൽ ഏഴ് ദിവസം കഴിയണം.
ഇക്കാര്യത്തിൽ ഗർഭിണികളെ ഒഴിവാക്കും. വിദേശത്തുനിന്നു വരുന്ന ഗർഭിണികൾക്കും വീട്ടിലേക്ക് മടങ്ങാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.