സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാക് ഭീകര സംഘടനയായ അൽക്വയ്ദയുമായി ബന്ധമുള്ള ,പെരുന്പാവൂരിൽ എൻഐഎ പിടിയിലായ മൂന്നു പേരും സുരക്ഷിത ഒളിത്താവളമെന്ന നിലയിലാണ് കേരളം തെരഞ്ഞെടുത്തതെന്ന് അന്വേഷണ ഏജൻസികൾ.
എന്നാൽ, തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിലാണു നടപ്പാക്കിയിരുന്നത്. തീവ്രവാദ ബന്ധമുള്ള ചിലരെങ്കിലും സുരക്ഷിത താമസത്തിനായി കേരളം തെരഞ്ഞെടുക്കുന്നതായി ഇന്റലിജൻസ് സംവിധാനങ്ങളും ചൂണ്ടിക്കാട്ടുന്നു. അൽക്വയ്ദ ബന്ധമുള്ളവരെ കേരളത്തിൽ നിന്നു പിടികൂടുന്നത് ഇതാദ്യമാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ സംശയമുള്ള ചിലരെക്കുറിച്ച് കേന്ദ്ര ഏജൻസികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും ഇന്റലിജൻസ് അറിയിച്ചിരുന്നു.
സമൂഹ മാധ്യമ നിരീക്ഷണങ്ങളിലൂടെയും വിവര ശേഖരണത്തിലൂടെയുമാണ് സംശയാസ്പദ സൂചനകൾ ലഭിച്ചത്.കേരളത്തിനു പുറത്തു തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ഇവിടെയെത്തി മാന്യന്മാരായി താമസിച്ചു ജോലി ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്.
സംസ്ഥാനത്തിനകത്ത് ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുകയും പ്രാദേശികമായി ഒരു പ്രശ്നങ്ങളിലും ഇടപെടാതിരിക്കുകയുമാണ് ഇവരുടെ രീതി.
എറണാകുളം ജില്ലയിൽ ഉൾപ്പടെ ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ടെന്നാണു വിവരം. ഇത്തരത്തിൽ ചിലർ പോലീസ് നിരീക്ഷണത്തിലുമുണ്ട്.
ബംഗ്ലാദേശികൾ അടക്കമുള്ളവർ സംസ്ഥാനത്ത് പലയിടത്തും വ്യാജ രേഖകളുമായി താമസിക്കുന്നുണ്ട്. സംസ്ഥാനത്താകെയുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ വിവരങ്ങൾ ലഭ്യമാകാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനത്തെത്തുന്നവരുടെ കൃത്യമായ പരിശോധനകൾ നടക്കാത്തതും തീവ്രവാദികൾക്ക് കേരളം ഇടത്താവളമാക്കാൻ സഹായിക്കുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളം താവളമാക്കുന്നവരിൽ ഭീകരബന്ധമുള്ളവർ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജൻസികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
പിടിയിലായവരിൽ ഒരാൾ ആറുമാസം മുന്പ് സംസ്ഥാനത്തെത്തി കെട്ടിട നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നുവെന്നാണു വിവരം. മറ്റുരണ്ടുപേർ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നുവെങ്കിലും ഇടക്കിടെ സംസ്ഥാനം വിടുമായിരുന്നു.
മൂവരിൽ ഒരാളുടെ ബംഗ്ലാദേശിലേക്കുള്ള ഫോണ്വിളിയാണ് ഇവരെ കുടുക്കാൻ സഹായിച്ചതെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.