തിരുവനന്തപുരം: കോവിഡ് -19 ബാധയുടെ പശ്ചാത്തലത്തിൽ പോലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോടു സംസാരിക്കൽ, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണു മാറ്റം.
നിർദേശങ്ങൾ നാളെ നിലവിൽ വരുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ പരിശീലന വിഭാഗം എഡിജിപി ഡോ.ബി സന്ധ്യ, ബറ്റാലിയൻ വിഭാഗം എഡിജിപി എം.ആർ. അജിത് കുമാർ എന്നിവരെ ചുമതലപ്പെടുത്തി.
സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ പ്രോട്ടോകോൾ പാലിക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ സമൂഹത്തിനു മാതൃകയാകണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ നടപടി. ഇവയിൽ മികവ് പുലർത്തുന്നവരെ ആദരിക്കും.
പ്രധാന നിർദേശങ്ങൾ
റോൾകാൾ, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകൾ എന്നിങ്ങനെ പോലീസുദ്യോഗസ്ഥർ ഒത്തുകൂടുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കണം.
സേനയിലെ എല്ലാ യൂണിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേർക്ക് വിശ്രമം നൽകുംവിധം ജോലി യൂണിറ്റ് മേധാവിമാർ ക്രമീകരിക്കണം.
അടിയന്തര ഘട്ടങ്ങളിൽ ആവശ്യപ്പെട്ടാലുടൻ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്കു ശേഷം ഏഴ് ദിവസത്തെ റസ്റ്റ് അനുവദിക്കണം.
ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാ ദിവസവും വൈകുന്നേരം അക്കാര്യം പോലീസുദ്യോഗസ്ഥരെ ഫോണ്‍മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം പോലീസുദ്യോഗസ്ഥർ ഡ്യൂട്ടിസ്ഥലങ്ങളിൽ നേരിട്ട് ഹാജരായശേഷം ഫോണ്‍വഴി സ്റ്റേഷനിൽ അറിയിച്ചാൽ മതിയാകും.
ഡ്യൂട്ടി കഴിയുന്പോൾ വീഡിയോ കോൾ, ഫോണ്‍, വയർലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ച ശേഷം മടങ്ങാം. മേലുദ്യോഗസ്ഥർ ദിനംപ്രതി നിർദേശങ്ങൾ നൽകാൻ എസ്എംഎസ്, വാട്സ് ആപ്പ്, ഓണ്‍ലൈൻ മാർഗങ്ങൾ ഉപയോഗിക്കണം. പോലീസ് സ്റ്റേഷനുകളിൽ പോലീസുദ്യോഗസ്ഥർ ഒരുമിച്ചു വിശ്രമിക്കുന്നതും കൂട്ടംചേർന്ന് ഇരിക്കുന്നതും ഒഴിവാക്കണം.
ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥർ നേരെ വീടുകളിലേക്കു പോകണം. സുഹൃത്തുക്കളെയോ ബന്ധുക്കളേയോ സന്ദർശിക്കാൻ പാടില്ല. ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുളള സുരക്ഷാ ഉപകരണങ്ങൾ എല്ലാ പോലീസുദ്യോഗസ്ഥർക്കും ലഭ്യമാക്കണം.
പോലീസുദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണം. ഇത്തരം ആവശ്യങ്ങൾക്കു പരമാവധി പൊതു ഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. മതിയായ വ്യായാമമുറകൾ, യോഗ എന്നിവ ശീലമാക്കണം.
പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ എല്ലാ പോലീസ് യൂണിറ്റുകളിലും ഒരു വെൽഫെയർ ഓഫീസറെ നിയോഗിക്കും. രോഗപ്രതിരോധ ശേഷി കൂട്ടാൻ ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നുകൾ പോലീസുദ്യോഗസ്ഥർക്കു ലഭ്യമാക്കണം.
ജീവിതശൈലീരോഗങ്ങളുളള 50 വയസ്സിനു മുകളിൽ പ്രായമുളളവരെ ശ്രമകരമായ ചുമതലകളിൽനിന്ന് ഒഴിവാക്കും. ഗർഭിണികളായ ഉദ്യോഗസ്ഥകൾക്ക് ഓഫീസ്, കന്പ്യൂട്ടർ, ഹെൽപ് ലൈൻ ചുമതലകൾ നൽകണം.
തിരക്കേറിയ ജംഗ്ഷനുകളിൽ മാത്രമേ ട്രാഫിക് ചുമതല നൽകാവൂ. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിൽ പരമാവധി കുറച്ച് ആൾക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതു നിരുത്സാഹപ്പെടുത്തണം.
ആഭരണങ്ങൾ ഉൾപ്പെടെ വ്യക്തിഗത ഉപയോഗത്തിനുളള വസ്തുക്കൾ മറ്റുളളവരുമായി പങ്ക് വയ്ക്കരുത്. യൂണിഫോം ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും അലക്കിയ വൃത്തിയുളള യൂണിഫോംതന്നെ ധരിക്കേണ്ടതാണ്.
ഫീൽഡ് ജോലിയിൽ ആയിരിക്കുന്പോൾ റബർ ഷൂസ്, ഗം ബൂട്ട്, കാൻവാസ് ഷൂ എന്നിവ ഉപയോഗിക്കാം. ഫേസ് ഷീൽഡ് ധരിക്കുന്പോൾ തൊപ്പി നിർബന്ധമില്ല. മൊബൈൽ ഫോണിൽ കഴിയുന്നതും സ്പീക്കർ മോഡിൽ സംസാരിക്കണം. എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഏറ്റവും പുതിയ ആരോഗ്യവിവരങ്ങൾ അറിവുണ്ടായിരിക്കണം.
വെളളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ട്. പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങൾ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കും. പോലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഒഴിവാക്കും.
സിസിടിവി, ഹെൽപ് ലൈൻ, കാമറ, സാങ്കേതികവിദ്യ എന്നിവ പരമാവധി ഉപയോഗിക്കും. പൊതുജനങ്ങൾ പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പരാതികൾ ഇ-മെയിൽ, വാട്സ് ആപ്പ് എന്നിവ മുഖേനയോ കണ്ട്രോൾ നന്പർ 112 മുഖേനയോ നൽകണമെന്നും പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.