തൃശൂർ: ലളിതകലാ അക്കാദമിയുടെ ചിത്ര-ശില്പകലാ ക്യാന്പ് ഉദ്ഘാടന ചടങ്ങിൽ സംഘാടകനും വിശിഷ്ടാതിഥിയും തമ്മിൽ വാക്കേറ്റം. തുടർന്നു വിശിഷ്ടാതിഥിയുടെയും പ്രത്യേക ക്ഷണിതാവിന്റെയും ഇറങ്ങിപ്പോക്ക്. ചെയർമാൻ നേമം പുഷ്പരാജും, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നന്പൂതിരിയും തമ്മിലായിരുന്നു കൊന്പുകോർക്കൽ. ഇതിനിടെ ബഹളക്കൂട്ടത്തിൽ ഇരിക്കാനില്ലെന്നറിയിച്ച് സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായരും വേദിവിട്ടു.
കാർട്ടൂണ്‍ വിവാദത്തിൽ നിന്നും കരകയറാനൊരുങ്ങുന്ന ലളിതകലാ അക്കാദമിയുടെ പ്രസ്റ്റീജ് പരിപാടിയുടെ ആദ്യദിനത്തിൽതന്നെ കല്ലുകടി. പണ്ട് നേമം പുഷ്പരാജിന്റെ സിനിമയ്ക്കു പാട്ടെഴുതിയതിനു പണം നൽകിയിട്ടില്ലെന്നു കൈതപ്രം പ്രസംഗത്തിനിടെ പരാമർശിച്ചതാണ് തർക്കത്തിനിടയാക്കിയത്. പ്രസംഗത്തിനുശേഷം ഇരിപ്പിടത്തിലേക്കു കൈതപ്രം മടങ്ങുന്പോൾ താൻ പണം നൽകിയിരുന്നെന്നും കൈതപ്രത്തിന് ഓർമയില്ലാത്തതാകാമെന്നും ചെയർമാൻ മറുപടി നൽകി. ഇല്ലെന്ന് ഉടൻതന്നെ കൈതപ്രവും പറഞ്ഞു.
ഇതോടെ വാക്കേറ്റമായി. ഇതോടെ പരിപാടിയിൽ ഇരിക്കുന്നില്ലെന്ന് അറിയിച്ച് പ്രത്യേക ക്ഷണിതാവ് സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ വേദിവിട്ടു. വാക്കേറ്റത്തിനൊടുവിൽ കൈതപ്രവും വേദിവിട്ടു. പരിപാടിയിലേക്ക് കൈതപ്രത്തിനെ ക്ഷണിച്ചിരുന്നതു ചെയർമാന്റെ അറിവോടെയല്ലെന്നും പറയുന്നു. അക്കാദമിയിലെ ചേരിപ്പോരിന്റെ തുടർച്ചയാണ് ഈ സംഭവമെന്നും അടക്കം പറയുന്നവരുണ്ട്.
പല നിർവാഹക സമിതി അംഗങ്ങളും ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നില്ലെന്നും, ചെയർമാൻ അറിയാതെ സെക്രട്ടറിയുടെ പദ്ധതിയായിരുന്നു കൈതപ്രത്തെ എത്തിച്ചതെന്നും ആക്ഷേപമുണ്ട്.ഇതിനിടെ അക്കാദമിയിലെ ഇപ്പോഴത്തെ പരിപാടികൾ സിനിമാതാരങ്ങൾ കൈയടക്കിയിരിക്കുകയാണെന്നും ചിത്രകാരന്മാർക്ക് അവസരമില്ലെന്നുമുള്ള വിമർശനവും അംഗങ്ങൾക്കിടയിൽ ഉണ്ട്.
ക്കാദമിയിലെ കാർട്ടൂണ്‍ അവാർഡ് വിവാദത്തിൽ നേരത്തെ മുഖ്യമന്ത്രി സാംസ്കാരിക വകുപ്പ് സെക്രട്ടറിയോടു റിപ്പോർട്ട് തേടിയിരുന്നു. ഇന്നലത്തെ സംഭവവും അംഗങ്ങൾ സിപിഎം നേതൃത്വത്തെയും സാംസ്കാരിക മന്ത്രി എ.കെ. ബാലനെയും അറിയിച്ചിട്ടുണ്ട്.