ഡേവിസ് പൈനാടത്ത്
തൃശൂർ: ഇരുചക്ര വാഹനാപകടങ്ങളിൽ മരിക്കുന്നവരുടേയും ഗുരുതരമായി പരിക്കേല്ക്കുന്നവരുടെ എണ്ണത്തിലും കേരളം മുന്നിൽതന്നെ കുതിക്കുന്നു. കേന്ദ്ര റോഡ് ഗതാഗതം – ഹൈവേ മന്ത്രാലയം ഒൗദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2018ൽ കേരളത്തിലുണ്ടായ ബൈക്കപകടങ്ങളിൽ 2321 പേർ മരിച്ചു. 13482 പേർക്കു ഗുരുതരമായ പരിക്കേറ്റു. നിസാര പരിക്കേറ്റവർ 2592.
ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ് കണക്കുകളിൽ കേരളം. ബൈക്കപകടങ്ങളിലെ മരണം ദേശീയശരാശരി 1321, ഗുരുതരപരിക്ക് 1674, നിസാര പരിക്ക് 2592 എന്നിങ്ങനെയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും റോഡപകടങ്ങളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്.
റിപ്പോർട്ടനുസരിച്ച് കേരളമാണ് രാജ്യത്തു റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത്. 2018ൽ കേരളത്തിൽ 31672 പേർക്കു ഗുരുതര പരിക്കേറ്റു. ദേശീയ ശരാശരിയേക്കാൾ 600 ശതമാനത്തോളം കൂടുതലാണിത്. രണ്ടാംസ്ഥാനത്തുള്ള കർണാടകയിൽ 21277 പേർക്കാണ് റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റത്.
വിസ്തൃതിയും ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവുമൊക്കെ കൂടുതലായിട്ടും ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം കേരളത്തിലേതിനേക്കാൾ 10395 കുറവാണ്.അപകടത്തിൽപെട്ട മിക്കവാറും വാഹനങ്ങളുടെ കണക്കിലും ദേശീയശരാശരിയേക്കാൾ ഏറെ മുന്നിലാണ് കേരളം. അമിതവേഗമാണ് അപകടമരണങ്ങൾക്കും നല്ലൊരു ശതമാനം പരിക്കുകൾക്കും പ്രധാന കാരണമെന്നു റിപ്പോർട്ട് വിലയിരുത്തുന്നു.
നിയമലംഘനം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം, ഹെൽമറ്റ് ധരിക്കാത്തത്, സീറ്റ് ബെൽറ്റ് ഇടാത്തത് എന്നിങ്ങനെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണങ്ങളും കണക്കുകൾ സഹിതം വിശദീകരിച്ചിട്ടുണ്ട്. റോഡുകളുടെ അപര്യാപ്തതയും കാലാവസ്ഥയും വാഹനപ്പെരുപ്പവും കേരളത്തെ അപകടകേന്ദ്രമാക്കുന്നുണ്ട്.
അപകടങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുന്പോൾ കേരളത്തിലെ മരണസംഖ്യ കുറവാണെന്നു മാത്രമാണ് ഏക ആശ്വാസം. 100 അപകടങ്ങളിൽ 11 മരണം എന്നതാണ് 2018ലെ കേരളത്തിലെ കണക്ക്. സംസ്ഥാനത്തെ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളാണ് മരണനിരക്ക് കുറയാനുള്ള കാരണമെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു.