കൊച്ചി: കേരളം വീണ്ടും നിപാ ഭീതിയില്‍. രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും. കഴിഞ്ഞ 10 ദിവസമായുള്ള കടുത്ത പനിയെത്തുടര്‍ന്നാണ് രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയക്കുന്നത്. ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്തം പരിശോധിക്കാന്‍ കൊടുത്തിരിക്കുന്നത്.
രക്തസാമ്പിള്‍ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍മാത്രമേ നിപ സ്ഥിരീകരിക്കാന്‍ സാധിക്കൂ. രോഗി ഇപ്പോള്‍ ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്‍ഡില്‍ നിരീക്ഷണത്തിലാണ് കഴിയുന്നത്. സംശയം തോന്നിക്കുന്ന മറ്റ് രോഗികളുടെയും രക്തസാമ്പിളുകള്‍ പരിശേധനയ്ക്ക് അയക്കും. കൂടാതെ ഇയാളുമായി ഇടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്. ജില്ലയ്ക്ക് പുറത്ത് പോയതിന് ശേഷമാണ് യുവാവിന് പനി ബാധിച്ചതെന്നുമാണ് വിലയിരുത്തല്‍.
ഏത് സാഹചര്യത്തിനേയും നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആളുകള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തെറ്റായ പ്രചരണത്തില്‍ നിന്നും മാറി നില്ക്കണ മെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിട്ടുണ്ട്. നിലവിലെ വിവരം അനുസരിച്ച ഉച്ചയ്ക്ക് 12 മണിയോടെ തന്നെ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സൂചന. അതേസമയം, രോഗിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചെന്നു സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള വ്യക്തമാക്കി.