സ്വന്തം ലേഖകൻ
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അഴിമതി വെളിച്ചത്താക്കിയ ഉദ്യോഗസ്ഥനെ സർവകലാശാല ആസ്ഥാനത്തുനിന്നു കാസർകോട് മഞ്ചേശ്വരത്തേക്കു “നാടുകടത്തി.’ തൃശൂർ സ്വദേശിയായ സെക്ഷൻ ഓഫീസർ ഇ.എം. ഷൈബുവിനെയാണ് ഇല്ലാത്ത തസ്തികയുണ്ടാക്കി കാർഷിക സർവകലാശാലയുടെ മഞ്ചേശ്വരം വൊർക്കാഡി എക്സ്റ്റൻഷൻ ട്രെയിനിംഗ് സെന്ററിലേക്കു സ്ഥലംമാറ്റിയത്.
ഈയിടെ ബിജെപി ക്യാന്പിലെത്തിയ മുൻ പ്രഫസറുടെ 40 ലക്ഷത്തോളം രൂപയുടെ അഴിമതി കുഴിച്ചുമൂടാൻ വിസമ്മതിച്ചതിന്റെ പേരിലാണ് നടപടി. കർഷകർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കുന്ന മണ്ണുത്തി വിജ്ഞാന ്യാപന വിഭാഗത്തിലെ സെക്ഷൻ ഓഫീസറുടെ തസ്തിക പ്രത്യേക ഉത്തരവിലൂടെ മഞ്ചേശ്വരത്തേക്കു മാറ്റിയാണ് ഈ ഉദ്യോഗസ്ഥനെ പറപ്പിച്ചത്.
കാർഷിക സർവകലാശാലയിലെ സിപിഐ അധ്യാപക സംഘടനയുടെ പ്രസിഡന്റു കൂടിയായ രജിസ്ട്രാർ ഇൻ ചാർജിന് അധികച്ചുമതലയുള്ള ലാലൂർ മാതൃകാ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേടു നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തിയിരുന്നു. ആരോപിതനായ പ്രഫസർ 2016 ൽ വിരമിച്ചെങ്കിലും അഴിമതി ഒതുക്കിത്തീർക്കാനായിരുന്നു അധികാരികളുടെ ശ്രമം. ഷൈബുവിന്റെ എതിർപ്പു കാരണം ഇതു നടന്നില്ല.
വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനു തൃശൂർ കോർപറേഷനും കാർഷിക സർവകലാശാലയുമായി ചേർന്നു നടപ്പാക്കിയ ലാംപ്സ് പദ്ധതിയിൽ ഗുരുതരമായ ക്രമക്കേടുകളാണ് 2012 -13 ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്. പദ്ധതിയിലെ 80 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്താൻ തീരുമാനിച്ചിരുന്നു. 55 ലക്ഷം രൂപ മാത്രമാണ് സ്ഥിരനിക്ഷേപം നടത്തിയത്. 25 ലക്ഷം രൂപയ്ക്കു രേഖയില്ല.
ഈ തുക 2014 ൽ തിരിച്ചടച്ചു എന്ന വിചിത്രമായ മറുപടിയാണ് ഇപ്പോൾ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ ഓഡിറ്റിനു നൽകിയത്. നാലുവർഷത്തോളം തുക എന്തു ചെയ്തെന്നു വിശദീകരണമില്ല. മുപ്പതു ദിവസം മാത്രമുള്ള മാസങ്ങളിൽ പ്രോജക്ട് ഓഫീസർ 31 ദിവസത്തെ ശന്പളം എഴുതിയെടുത്തിട്ടുണ്ട്.
കാഷ് ബുക്ക് സൂക്ഷിക്കാതിരിക്കുക, ലഭിച്ച തുക നിയമാനുസൃതം രേഖപ്പെടുത്താതിരിക്കുക, ബാങ്കിൽ നിക്ഷേപിച്ച തുകയുടെ ഉറവിടം രേഖപ്പെടുത്താതിരിക്കുക, ചെക്ക് നൽകിയതിന്റെ വിവരങ്ങൾ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.
കേന്ദ്ര ഗവണ്മെന്റിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി നടപ്പാക്കിയ തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിൽ 13 ലക്ഷം രൂപയുടെ ക്രമക്കേടു നടത്തിയതായും ഈ ഉദ്യോഗസ്ഥനെതിരെ ഓഡിറ്റ് പരാമർശമുണ്ട്.
വിരമിക്കുന്നതിനു മുന്പു ബാധ്യതകൾ തിരിച്ചുപിടിക്കേണ്ടതായിരുന്നു. അതു ചെയ്യാതെ പെൻഷൻ ആനുകൂല്യങ്ങൾക്കു കോടതിയെ സമീപിച്ച മുൻ പ്രഫസറെ സർവകലാശാല വഴിവിട്ടു സഹായിച്ചെന്നും ആരോപണമുണ്ട്.