തൃശൂർ: കാലാവസ്ഥയെക്കുറിച്ച് കൂടുതൽ പഠനങ്ങളും ചർച്ചകളും ചൂടുപിടിക്കുന്പോൾ കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പഠന കോഴ്സ നിർത്തലാക്കാനുള്ള നീക്കം വിവാദമാകുന്നു. ആഗോള തലത്തിൽ തന്നെ കാലാവസ്ഥ വ്യതിയാനമാണ് വളരെ പ്രാധാന്യത്തോടെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
കാലാവസ്ഥയെ നേരത്തെ തന്നെ മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തി അതിനെ മറികടക്കാനുള്ള നടപടികളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിന് പഠനങ്ങൾ അനിവാര്യമായിരിക്കെയാണ് മണ്ണുത്തിയിലുള്ള കാലാവസ്ഥ വ്യതിയാന പഠന കോഴ്സ് തന്നെ നിർത്തലാക്കുന്നത്.
കാലാവസ്ഥയെക്കുറിച്ച് പഠിക്കലല്ലാതെ പഠിച്ചിറങ്ങുന്നവർക്ക് ജോലി കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്നതാണ് കോഴ്സ് തന്നെ നിർത്തലാക്കാനുള്ള തീരുമാനത്തിനു പിന്നിൽ. കാലാവസ്ഥ പോലെ ജോലിയുടെ കാര്യമായാൽ ജീവിക്കാൻ പറ്റില്ലെന്നതു തന്നെയാണ് കുട്ടികളെ കാലാവസ്ഥ വ്യതിയാന പഠന കോഴ്സിൽ നിന്നും അകറ്റുന്നത്.
കോഴ്സിൽ പഠിക്കാൻ കുട്ടികൾ ഇല്ലാതെ വന്നാൽ നിർത്തലാക്കലല്ലാതെ വേറെ വഴിയില്ലെന്നു അധികാരികളും പറയുന്നു. എന്നാൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള കോഴ്സ് എന്ന നിലയിലാണ് 2010ൽ സർവകലാശാല മണ്ണുത്തിയിൽ ക്ലാസ് ആരംഭിച്ചത്. പക്ഷേ ഇതുവരെ പഠനം പൂർത്തിയാക്കി ഇറങ്ങിയവർക്ക് ജോലി ലഭിച്ചിട്ടില്ല.
പഠിച്ചിറങ്ങിയവർക്ക് ജോലി കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്നു മാത്രമാണ് സർവകലാശാലയുടെയും നിലപാട്. പക്ഷേ എന്നു കിട്ടുമെന്നതുവരെ കാത്തിരിക്കാനാകില്ലെന്നു വിദ്യാർഥികൾ പറയുന്നു. കോഴ്സ് ആരംഭിച്ചതല്ലാതെ വിദ്യാർഥികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും കാർഷിക സർവകലാശാല ഒരുക്കിയിട്ടില്ല.
ഭീമമായ ഫീസ് വാങ്ങിയാണ് വിദ്യാർഥികളെ കോഴ്സിന് ചേർത്തതു തന്നെ. എന്നിട്ടും കോഴ്സ് സ്റ്റാറ്റ്യൂട്ടിൽ വരാനുള്ള നടപടികൾ പോലും സർവകലാശാല സ്വീകരിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പോലും പെടുത്തിയിട്ടില്ല. കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ കീഴിലുള്ള കാർഷിക സർവകലാശാലയിലാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്.
കോഴ്സ് നിർത്തുന്നതിനെതിരെ കൃഷിമന്ത്രിയുടെ പാർട്ടിയിലെ വിദ്യാർഥി വിഭാഗം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാതെ എടുക്കുന്ന ഇത്തരം വിദ്യാർഥി വിരുദ്ധ തീരുമാനങ്ങളിൽ നിന്ന് സർവകലാശാല പിൻമാറണമെന്ന് എഐഎസ്എഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.