പ്രത്യേക ലേഖകൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് യുജിസിയുടെ നിയമന നിരോധനം മറികടന്ന് കാർഷിക സർവകലാശാലയിൽ 250 അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് കൂട്ടനിയമനം നടത്തുന്നു. ഇതിനായി വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തിര യോഗം നാളെ വിളിച്ചുകൂട്ടുന്നുണ്ട്. അറുപത് ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നതെങ്കിലും ഒഴിവുള്ള മുഴുവൻ തസ്തികകളും നികത്താനാണ് നീക്കം.
2016 മാർച്ചിലാണ് വിജ്ഞാപനം ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 18 ന് കേന്ദ്ര ഗവൺമെന്റിന്റെ നിർദേശ പ്രകാരം സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് യുജിസി വിലക്കേർപ്പെടുത്തിയിരുന്നു. പട്ടികജാതി പട്ടികവർഗക്കാർക്കും പിന്നോക്ക വിഭാഗക്കാർക്കും സംവരണം ഉറപ്പാക്കാൻ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സർവകലാശാലാ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ ഇത് തള്ളി സംവരണം വകുപ്പ് അടിസ്ഥാനത്തിൽ മതിയെന്ന് ജനുവരിയിൽ കോടതി വിധിച്ചു. ഇതിനെതിരെ കോടതിയിൽ റിവ്യൂ പെറ്റീഷൻ കൊടുക്കുമെന്ന് ബുധനാഴ്ച കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. അതിനാൽ യു ജി സി 2018 ജൂലൈയിൽ നിയമനത്തിന് ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുകയാണെന്നും ജാവഡേക്കർ വ്യക്തമാക്കി.
വിലക്കു മറികടന്നുകൊണ്ടു തിരക്കിട്ടു നിയമനം നടത്താനാണ് കാർഷിക സർവകലാശാലയുടെ നീക്കം. സർവകലാശാലയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സീനിയോറിറ്റി മറികടന്നു സർവകലാശാലയുടെ അക്കാഡമിക് വിഭാഗത്തിൽ അടുത്തിടെ നിയമനം നേടിയ രണ്ട് സിപിഐ അധ്യാപക സംഘടനാ നേതാക്കന്മാർ എന്നിവരാണ് തിരക്കിട്ട നിയമനത്തിന് ചരട് വലിക്കുന്നത്.
യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് വകുപ്പ് മേധാവികൾക്കുപകരം ഇൻ ചാർജ് ഉദ്യോഗസ്ഥരായ ഡയറക്ടർ ഓഫ് റിസർച്ച്, ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ എന്നിവരെ ഉൾപ്പെടുത്തിയാണ് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. അപേക്ഷരുടെ അക്കാഡമിക് യോഗ്യതയുടെ മാർക്കിട്ടതും യൂണിവേഴ്സിറ്റിയിലെ ഇടത് അധ്യാപക സംഘടനാ നേതാക്കന്മാരായ ഉദ്യോഗസ്ഥരാണെന്നാണു വിവരം.
സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ മേൽവിലാസവും ഫോണ് നന്പറും കൈക്കലാക്കി ചിലർ ഉദ്യോഗാർഥികളെ ബന്ധപ്പെട്ടെന്നും നിയമനത്തിന്റെ പേരിൽ കോഴ വാങ്ങാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.