മലപ്പുറം: കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച കടലിന്റെ മക്കൾക്ക് സർക്കാരിന്റെ ആദരം. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനങ്ങളിൽ കേരളത്തിന് താങ്ങും തണലുമായ മലബാർ മേഖലയിലെ മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചത്.
തിരൂർ കൂട്ടായി ഹയാത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽപ്പെട്ട ആറായിരത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സർക്കാർ നിർദേശത്തോടെയും അല്ലാതെയും നിരവധി മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളുൾപ്പെടെ വിട്ടുനൽകി രക്ഷാപ്രവർത്തങ്ങളിൽ പങ്കാളികളായത്. ഇതോടെ അവർ ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുകയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നഷ്ടമായ മത്സ്യബന്ധന ഉപകരണങ്ങൾക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. തന്റെ മുതുക് ചവിട്ടു പടിയാക്കി ദുരന്ത മുഖത്ത് ശ്രദ്ധേയനായ ജൈസൽ ഉൾപ്പെടെ 600 ലേറെ മത്സ്യത്തൊഴിലാളികളെയാണ് ചടങ്ങിൽ ആദരിച്ചത്.
സോഷ്യൽ മീഡിയകളിലും മറ്റുമായി ചുറ്റുപാടുകളുമായി ബന്ധമില്ലെന്ന് യുവ തലമുറയെക്കുറിച്ച് പരിഭവം പറയുന്നവർക്കുള്ള മറുപടിയായിരുന്നു രക്ഷാപ്രവർത്തനങ്ങളിൽ അവരുടെ അവസരോചിതമായ ഇടപെടലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലെ മത്സ്യത്തൊഴിലാളികളെയാണ് ചടങ്ങിൽ ആദരിച്ചത്. കൂടാതെ താനൂരിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ അബ്ദുൾഖാദർ -ഷരീഫ ദന്പതികളുടെ മകൾ റഹ്ഫത്തിനെയും ചടങ്ങിൽ അഭിനന്ദിച്ചു.
ഉന്നതവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീൽ അധ്യക്ഷനായിരുന്നു. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് സമൂഹത്തിലുണ്ടായിരുന്ന പൊതുധാരണ പ്രളയത്തോടെ മാറിയതായി അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അഭിപ്രായക്കാരാണെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഈ പ്രളയം ലോകത്തിന് നൽകിയ സന്ദേശമെന്ന് ചടങ്ങിൽ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
ചടങ്ങിൽ എംഎൽഎമാരായ ഹമീദ്, പി.കെ അബ്ദുറബ്, വി. അബ്ദുറഹിമാൻ, സി. മമ്മൂട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, എഡിഎം വി. രാമചന്ദ്രൻ, മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹെറോൾഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി കുഞ്ഞിരാമൻ, സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ മെംബർ ബഷീർ കൂട്ടായി, മത്സ്യഫെഡ് ഭരണസമിതി അംഗം കെ.വി.എം ഹനീഫ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് അഡ്വ. നസറുള്ള, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ്, പുറത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണ് അനിത കിഷോർ തുടങ്ങിയവർ സംസാരിച്ചു. ഉത്തരമേഖല ഫിഷറീസ് ജോയന്റ് ഡയറക്ടർ കെ. സതീഷ്കുമാർ നന്ദി പറഞ്ഞു.