സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ് : കേരളത്തനിമയിൽ കേരളീയ വസ്ത്രങ്ങളണിഞ്ഞ് ഗവർണറും കുട്ടി ഡോക്ടർമാരുമെത്തിയതോടെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതുമോടിയിലായി.
ആരോഗ്യസർവകലാശാലയുടെ പതിനാലാമത് ബിരുദദാന ചടങ്ങാണ് തനി കേരളീയ ശൈലിയിൽ നടത്തി ചരിത്രത്തിലേക്ക് ഇടം പിടിച്ചത്.
കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടത്തിയ ബിരുദദാന ചടങ്ങിന്റെ മുഖ്യ ആകർഷണം കോട്ടും പാന്റിനും പകരം ഷർട്ടും മുണ്ടും സാരിയുമണിഞ്ഞ കുട്ടി ഡോക്ടർമാർ തന്നെയായിരുന്നു.
ചടങ്ങിന് മാറ്റു കൂട്ടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുണ്ടു ധരിച്ചെത്തി.സാധാരണ കോട്ടുകൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകാറുള്ളത്.
ഇതു ധരിച്ചാണ് വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുക്കാറുള്ളത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലരും ധരിച്ച കോട്ടുകൾ ധരിക്കുന്നതിന്റെ അപകടസാധ്യത മനസിലാക്കിയതുകൂടി കൊണ്ടാണ് പതിവ് വേഷത്തിനു പകരം കേരളീയ വസ്ത്രങ്ങൾ മതിയെന്ന തീരുമാനത്തിലെത്തിയത്.
വിദേശികൾ കൊണ്ടുവന്ന കോട്ടും സ്യൂട്ടും രീതികൾ മാറ്റണമെന്ന കാലങ്ങളായുള്ള ആവശ്യവും ഇതോടെ യാഥാർത്ഥ്യമായി.
ബിരുദദാന ചടങ്ങിൽ ആരോഗ്യസർവകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകളിൽ നിന്നുള്ള 63,900 വിദ്യാർഥികൾ തങ്ങൾ സ്ത്രീധനം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് സമ്മതപത്രം ഗവർണർക്ക് കൈമാറിയതും ചരിത്രമായി.
മെഡിസിൻ, ഡെന്റൽ സയൻസ്, ആയുർവേദം, ഹോമിയോ, സിദ്ധ, നഴ്സിംഗ്, ഫാർമസി, അലെഡ് ഹെൽത്ത് സയൻസസ് എന്നീ വിഭാഗങ്ങളിൽ നിന്നായി 14,229 വിദ്യാർഥികൾക്കാണ് ബിരുദം നൽകിയത്.
ഇവരിൽ 2217 പേർ ബിരുദാനന്തര ബിരുദം നേടിയവരാണ്. സർവ്വകലാശാലയുടെ ആദ്യ ഡോക്ടർ ഓഫ് സയൻസ് ഓണററി ബിരുദം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മാനസിക രോഗ വിഭാഗം മേധാവി ഡോ.പോൾ സ്വാമിദാസ് സുധാകർ റസ്സലിന് ഗവർണർ സമ്മാനിച്ചു.