തിരുവനന്തപുരം: ഒരു വീട്ടിൽനിന്നു രണ്ട് ക്യാപ്റ്റൻമാർ. സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ നയിക്കുന്നത് സഹോദരങ്ങൾ. പുരുഷ വിഭാഗത്തെ നയിക്കുന്നത് കെഎസ്ഇബിയുടെ ഗ്രിഗോ മാത്യു വർഗീസും വനിതകളെ നയിക്കുന്നത് ഗ്രിഗോയുടെ സഹോദരിയും കെഎസ്ഇബിയുടെതന്നെ താരവുമായ ഗ്രിമ മെർളിൻ വർഗീസുമാണ്. ഇന്നലെയാണ് ടീമംഗങ്ങളെ പ്രഖ്യാപിച്ചത്.
തൃശൂർ കൊരട്ടി മേനാച്ചേരിൽ വീട്ടിൽനിന്നുള്ള സഹോദരങ്ങളിൽ ഗ്രിമ ത്രി ഓണ്‍ ത്രി ബാസ്കറ്റ്ബോൾ വിജയിയായ കേരള ടീമിലും നാഷണൽ ഗെയിംസ് സ്വർണ ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. കഴിഞ്ഞ പത്തു വർഷമായി കെഎസ്ഇബിയുടെ താരമാണ്. ഗ്രിഗോ മാത്യു കഴിഞ്ഞ നാലു വർഷമായി കെഎസ്ഇബിക്കുവേണ്ടി കളിക്കുന്നു.
ഗോവ നാഷണൽ ഗെയിംസിൽ കേരളാ ടീമിൽ അംഗമായിരുന്നു. സഹോദരങ്ങൾ വനിതാ, പുരുഷ ടീമുകളെ ഒരേ സമയം നയിക്കുക എന്നത് വളരെ അപൂർവമാണ്. ഇവരുടെ ജ്യേഷ്ഠസഹോദരിയും സംസ്ഥാന താരമായിരുന്നു.
ഇപ്പോൾ കുടുംബസമേതം ബംഗളൂരുവിൽ താമസിക്കുന്നു.പഞ്ചാബിലെ ലുധിയാനയിൽ ഡിസംബർ മൂന്നു മുതൽ പത്തുവരെയാണു സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ നടക്കുന്നത്.
കേരള പുരുഷൻമാർ ഉൾപ്പെടുന്ന ബി ഗ്രൂപ്പിൽ തമിഴ്നാട്, ഇന്ത്യൻ റെയിൽവേ, ഗുജറാത്ത് എന്നിവരാണ് മറ്റു ടീമുകൾ. വനിതാ വിഭാഗത്തിൽ കേരളത്തെ കൂടാതെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവരാണ് ബി ഗ്രൂപ്പിൽ ഉൾപ്പെടുന്നത്.
ടീമംഗങ്ങൾ: പുരുഷന്മാർ -ഗ്രിഗോ മാത്യു വർഗീസ്( ക്യാപ്റ്റൻ), ജെറോം പ്രിൻസ്, എ. എസ്. ശരത്, അജിൻ പി. റെജി, സുഗീത്നാഥ് (എല്ലാവരും കെഎസ്ഇബി) ജോഷ്വ സുനിൽ ഉമ്മൻ, വൈശാഖ് കെ. മനോജ് (സെൻട്രൽ ജിഎസ്ടി, കസ്റ്റംസ് കൊച്ചി), ഷാനാ സിൽ മുഹമ്മദ്, പ്രേം പ്രകാശ്, മുഹമ്മദ് ഷിറാസ് (മൂവരും കേരള പോലീസ്), സാം ജോസ് സണ്ണി (കോട്ടയം), സുബിൻ തോമസ് (മാർ ഈവാനിയോസ് ), കോച്ച് ആന്റണി സ്റ്റീഫൻ (കേരള പോലീസ്), മാനേജർ അനു മോഹൻ ദാസ് (കേരള പോലീസ്).
വനിതകൾ: ഗ്രിമ മെർലിൻ വർഗീസ് (ക്യാപ്റ്റൻ), അനീഷ ക്ലീറ്റസ്, ആർ.ശ്രീകല , കവിത ജോസ്, ഇ.കെ.അമൃത, സൂസൻ ഫ്ലോറന്റീന (എല്ലാവരും കെഎസ്ഇബി) ചിപ്പി മാത്യു, വി.ജെ. ജയലക്ഷ്മി , ജോമ ജെജോ (എല്ലാവരും കേരള പോലീസ്), ആർ. അഭിരാമി (മാർ ഈവാനിയോസ്), ഒലിവിയ ടി. ഷൈബു (അസംപ്ഷൻ കോളജ്), ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് കോളജ് ഇരിഞ്ഞാലക്കുട), കോച്ച് കെ. വിപിൻ (കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ), മാനേജർ പി. ആർ. സൂര്യ (കേരള പോലീസ്).
തോമസ് വർഗീസ്