കട്ടപ്പന: പഞ്ചനക്ഷത്രമുൾപ്പെടെയുള്ള ഹോട്ടലുകളുടെ പകിട്ടാർന്ന തീൻമേശകളിൽ വിളന്പുന്ന മദ്യത്തിന്റെ വാങ്ങൽ വിലയറിഞ്ഞാൽ എത്ര ലഹരിയിലിരിക്കുന്നയാളാണേലും ഒന്നു ഞെട്ടും. ആയിരത്തിലേറെ രൂപയ്ക്ക് സർക്കാരിന്റെ മദ്യക്കടയിൽനിന്നു ലഭ്യമാകുന്ന മദ്യം സർക്കാർ കോർപറേഷനുകൾ കൈമാറുന്നത് 100ൽതാഴെ രൂപ മാത്രം. ബാർ ഹോട്ടലുകളിൽ സർക്കാരിന്റെ മദ്യക്കടയിലേതിനേക്കാൾ ഇരട്ടിയിലേറെ വില.
സർക്കാർ ഗോഡൗണുകളിൽ കയറാതെ ഹോട്ടലുകാരുടെ ഗോഡൗണിലേക്കു നേരെയെത്തുന്ന മദ്യം അവർ വിൽക്കുന്പോൾ അവർക്കു ലഭിക്കുന്നത് 2500 ശതമാനത്തിലേറെ ലാഭം. സർക്കാർ മദ്യക്കടകളിൽ 1,000 ശതമാനത്തിൽ കൂടുതൽ ലാഭത്തിലാണ് ഓരോ ബ്രാൻഡ് മദ്യവും വിൽക്കുന്നത്. സർക്കാർ മദ്യത്തിനു നികുതികൂട്ടി മേടിക്കുന്നതാണ് മദ്യവില കൂടാൻ കാരണമെന്നാണ് പൊതുവേ ഉണ്ടായിരുന്ന ധാരണ.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ ഒരാൾക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിൽപന വിലയുടെയും വാങ്ങൽ വിലയുടെയും പട്ടിക പുറത്തുവന്നപ്പോഴാണ് ലഹരിയുടെ മറവിലെ പകൽകൊള്ള കണ്ട് ആളുകൾ പകച്ചുപോയത്. നികുതിയാണു സർക്കാരിനു ലഭിക്കുന്ന വരുമാനം. 1,000 ശതമാനം കൂടുതൽ വിലയിട്ടു വിൽക്കുന്പോൾ കിട്ടുന്ന ലാഭം ആരാണ് പങ്കിട്ടെടുക്കുന്നതെന്നാണ് ഇനി വ്യക്തമാകേണ്ടത്.
10 രൂപ പോലും യഥാർഥ മുടക്കില്ലാത്ത സാധനമാണ് 1000 രൂപയ്ക്കു വിൽക്കുന്നത്. 690 രൂപയ്ക്കു വിൽക്കുന്ന 750 മില്ലിയുടെ ഓഫീസേഴ്സ് ചോയ്സ് ബ്രാണ്ടി ബിവറേജസ് കോർപറേഷൻ വാങ്ങുന്നത് വെറും 60.40 രൂപയ്ക്കാണ്. ബക്കാർഡ് ക്ലാസിക് സൂപ്പർ റം 750 മില്ലി വിൽക്കുന്നത് 1,240 രൂപയ്ക്കാണ് വാങ്ങുന്നത്.
മദ്യം ഉണ്ടാക്കാനുള്ള സ്പിരിറ്റിന് ലിറ്ററിന് 25 – 40 രൂപയാണ് സാധാരണ വില. ഒരു ലിറ്റർ സ്പിരിറ്റിൽനിന്ന് ആറുകുപ്പി ബ്രാണ്ടി ഉണ്ടാക്കാം എന്നാണ് ഏകദേശ കണക്ക് (മുന്പ് ചാരായം ഉണ്ടായിരുന്ന കാലത്ത് ഒരു ലിറ്റർ സ്പിരിറ്റിൽനിന്ന് എട്ടുലിറ്റർ ചാരായം ഉണ്ടാക്കുമായിരുന്നു). 30 രൂപയുടെ ഒരു ലിറ്റർ സ്പിരിറ്റ് വെള്ളമൊഴിച്ച് നേർപ്പിച്ച് 750 മില്ലി മദ്യമാക്കുന്പോൾ നാലു രൂപയോളം മുടക്കുവരും. കുപ്പി, കവർ, കോർക്ക് അടപ്പ് ഇത്യാദികൾക്കായി 20 രൂപയോളം വേണ്ടിവരും.
ഫാക്ടറിയുടെ തേയ്മാനം, മുടക്കുമുതലിന്റെ പലിശ മറ്റു ചിലവുകളും കൂട്ടിയാൽ 20 രൂപയും കണക്കാക്കാം. കമ്മീഷൻ ലാഭം എന്നിവയും ചേർത്താൻ 60 രൂപ കണക്കാക്കാം. (മദ്യ ഉൽപാദക കന്പനികളുടെ ലാഭം ഇതിൽ കൂടുതലാണെങ്കിൽ സ്പിരിറ്റിന്റെ വില വീണ്ടും കുറയും. സ്പിരിറ്റുവില കുറയുന്നതനുസരിച്ച് ഗുണനിലവാരവും കുറയും. മറ്റെന്തെങ്കിലും രാസവസ്തു ചേർക്കണം). ഈ സാധനമാണ് 1,000 രൂപകൊടുത്ത് വാങ്ങി ആഡംബരമായി ആകത്താക്കി അഭിമാനംകൊള്ളുന്നത്.
ഷർട്ടിന്റെയും ചെരുപ്പിന്റെയും വന്ന വാഹനത്തിന്റെയും കണ്ണട യുടെയും വിലവച്ചുനോക്കുന്പോൾ 60 രൂപയുടെ സാധനം നാലുപേർ ചേർന്നു കഴിച്ചിട്ട് എന്താ ഉൗറ്റംകൊള്ളാനുള്ളത്. പാലിന്റെയും മീനിന്റെയും വെളിച്ചെണ്ണയുടെയും ഗുണമേന്മ പരിശോധിക്കാൻ ആളുള്ളപ്പോൾ മദ്യത്തിന്റെ ഗുണനിലവാരം മാത്രം പരിശോധിക്കാൻ സംവിധാനമില്ല. മദ്യം കഴിച്ചു മാറാരോഗികളാകുന്നവരെ കുടിയന്മാരുടെ പട്ടികയിൽപെടുത്തി എഴുതിത്തള്ളുകയാണ് സർക്കാർ. മദ്യം കഴിച്ചാൽ മാറാരോഗികളാകുന്നതു പരിശോധിക്കുന്നില്ല.