കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജന് എംഎല്‍എ. സംഭവമറിഞ്ഞ് പൂട്ടു പൊളിക്കാന്‍ കായികമന്ത്രി വി. അബ്ദുറഹിമാന് നിര്‍ദേശിച്ചു.
ഇതേത്തുടര്‍ന്നു കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരെത്തി ഗേറ്റ് തുറന്നു.
ഇന്ന് രാവിലെ സെലക്ഷന് ട്രയല്‍സ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗര്‍ സ്കൂളിന്റെ ഗേറ്റാണ് എംഎല്‍എ പൂട്ടിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറിലധികം കുട്ടികള്‍ പുലര്‍ച്ചെ മുതല്‍ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
ഗേറ്റ് പൂട്ടിയതിനാല്‍ ഇവര്‍ക്ക് അകത്തു കടക്കാനായില്ല. സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നാണ് എംഎല്‍എ പറയുന്നത്.
കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ കുടിശികയുണ്ട്. വാടകക്കുടിശിക തീര്‍ക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും ശ്രീനിജന് എംഎല്‍എ പറയുന്നു.
എന്നാല്‍ കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്സ് അടച്ചിട്ടുണ്ടെന്നും കുടിശിക ഇല്ലെന്നുമാണ് സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറയുന്നത്.
ഗേറ്റ് പൂട്ടിയ സംഭവം വാദമായതോടെ സ്പോര്‍ട്സ് മന്ത്രി ഗേറ്റ് തുറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പത്തോടെ കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരായ മാലിനി, ആന്റണി പൈനുതറ, അഞ്ജന എന്നിവര്‍ എത്തി ആദ്യം സ്കൂള്‍ ഗേറ്റും പിന്നീട് പ്രധാന ഗേറ്റും തുറന്നുനല്‍കി.
കഴിഞ്ഞ ദിവസമാണ് എംഎല്‍എ നേരിട്ടെത്തി ഗേറ്റ് പൂട്ടിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടര്‍ 17 ടീമിലേക്കുള്ള ട്രയല്‍സാണ് പനമ്പിള്ളി നഗര്‍ സ്കൂളിലെ ഗ്രൗണ്ടില്‍ നടക്കുന്നത്.