കൊച്ചി: കണക്കിലെ കളികളിൽ ഭാഗ്യംതേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം മൈതാനത്തിറങ്ങുന്നു. ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം. ലീഗിൽ ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് ചെന്നൈയിൻ തകർപ്പൻ ജയം നേടിയിരുന്നു.
14 മത്സരത്തിൽനിന്ന് മൂന്ന് ജയവും അഞ്ചു സമനിലയുമായി 14 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. 13 കളികളിൽനിന്ന് 18 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്തുണ്ട് ചെന്നൈയിൻ.
കണക്കുകൂട്ടലുകൾ പിഴച്ചില്ലേൽ പ്ലേ ഓഫിൽ കടക്കാൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും അവസരമുണ്ട്.
പക്ഷേ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രം പോരാ പ്ലേ ഒാഫ് ലക്ഷ്യമിട്ട് മുന്നേറുന്ന ടീമുകൾ തോൽക്കുകയും വേണം. അതേസമയം ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ശേഷിക്കുന്ന മത്സരങ്ങളിൽ ജയിക്കുകയും ചെയ്താൽ ചെന്നൈയിന് ആദ്യ നാലിൽ ഇടം നേടാനാകും.
നോർത്ത്ഇൗസ്റ്റ്, ബംഗളൂരു, ഒഡീഷ എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ. പ്ലേ ഒാഫ് എന്നത് സ്വപ്നമായി മാറിയാലും സൂപ്പർ കപ്പിൽ കളിക്കുകയെന്ന ലക്ഷ്യം ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്. നിലവിൽ ഗോവ(30), ബംഗളൂരു(28), കോൽക്കത്ത(27), മുംബൈ സിറ്റി(23) ടീമുകളാണ് ആദ്യ നാലിൽ ഇടം നേടിയിരിക്കുന്നത്.