ഫറ്റോർഡ: പതിവ് തെറ്റിയില്ല ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ഉദ്ഘാടനമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനോടു തോറ്റു.
എട്ടാം പതിപ്പിന്റെ ഉദ്ഘാടനമത്സരത്തിൽ എടികെ 4-2ന് ബ്ലാസ്റ്റേഴ്സിനെ തകർത്തു. പുതിയ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനു കീഴിൽ ബ്ലാസ്റ്റേഴ്സ് ഭേദപ്പെട്ട പ്രകടനം നടത്തിയാണ് കീഴടങ്ങിയത്.
ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ മൂന്നു മലയാളികൾ ഇടംപിടിച്ചു. സഹൽ അബ്ദുൾ സമദിനും കെ.പി. രാഹുലിനും ഒപ്പം ബിജോയിയും പ്ലേയിംഗ് ഇലവണിലെ മലയാളിസാന്നിധ്യമായി. ബ്ലാസ്റ്റേഴ്സിനായി ബിജോയിയുടെ ആദ്യ മത്സരമായിരുന്നു. പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവുകൾ എടുത്തുകാണിക്കുന്നതായിരുന്നു മത്സരം.
ആദ്യപകുതിയിൽ തന്നെ എടികെ മൂന്നു ഗോൾ നേടി. ഇതിൽ രണ്ടു ഗോൾ ഹ്യൂഗോ ബൗമസിന്റെ (2’, 39’) വകയായിരുന്നു. രണ്ടാം മിനിറ്റിൽ ബൗമസ് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി.
24-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദ് സമനില നേടി. എന്നാൽ, റോയ് കൃഷ്ണ (27’) പെനൽറ്റി വലയിലാക്കി എടികെയുടെ ലീഡ് തിരിച്ചുപിടിച്ചു. റോയ് കൃഷ്ണയെ ഗോൾകീപ്പർ ആൽബിനോ ഗോമസ് ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. 39-ാ മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിൽനിന്നായിരുന്നു ബൗമസിന്റെ രണ്ടാം ഗോൾ.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് നന്നായി തുടങ്ങിയെങ്കിലും 50-ാം മിനിറ്റിൽ എടികെ ലീഡ് മൂന്നാക്കി ഉയർത്തി. ലിസ്റ്റണ് കൊളാകോയാണ് ഗോൾ നേടിയത്.
ബ്ലാസ്റ്റേഴ്സിനു തിരിച്ചുവരാനുള്ള പ്രതീക്ഷകൾ നല്കിക്കൊണ്ട് ഹൊർഹെ ഡിയസ് 69-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. തോൽവി ഭാരം കുറയ്ക്കാനായി തുടർന്നു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും എടികെ വലയിൽ പന്തെത്തിക്കാനായില്ല.