കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി മുൻ പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ എഡ്യൂറഡോ മാന്വൽ മർട്ടിനോ ‘നെലോ’ വിൻഗാഡ ചുമതലയേറ്റു. 2019 മേയ് വരെയാണു കാലാവധി. ഐഎസ്എൽ അഞ്ചാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെത്തുടർന്ന് പരിശീലകനായിരുന്ന ഡേവിഡ് ജയിംസിനെ പുറത്താക്കിയ ഒഴിവിലാണു ഫുട്ബോൾ ലോകത്തു പ്രഫസർ എന്നറിയപ്പെടുന്ന നെലോ വിൻഗാഡ എത്തുന്നത്.
1968 മുതൽ 1980 വരെ പോർച്ചുഗലിനുവേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം പത്തു രാജ്യങ്ങളിലായി ഇരുപതോളം ഫുട്ബോൾ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപ് മലേഷ്യൻ ദേശീയ ടീമിന്റെ പ്രധാന പരിശീലകനായിരുന്നു. മലേഷ്യ ഏഷ്യാ കപ്പിന് യോഗ്യത നേടാത്തതിനെത്തുടർന്നു സ്ഥാനം രാജിവച്ചു. 2016-17 സീസണിൽ ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും പരിശീലിപ്പിച്ചു.
1996ൽ എഎഫ്സി ഏഷ്യൻ കപ്പിൽ സൗദി അറേബ്യൻ ദേശീയ ടീം കിരീടം നേടിയത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. 2003-2004ൽ ഈജിപ്ഷ്യൻ പ്രീമിയർ ലീഗിൽ സമാലക് എഫ്സിയെ ഒരു മത്സരം പോലും തോൽക്കാതെ കിരീടമണിയിച്ചതും നെലോ വിൻഗാഡയുടെ പരിശീലന മികവായിരുന്നു. സൗദി ഈജിഷ്യൻ സൂപ്പർ കപ്പിലും അറബ് ക്ലബ് ചാന്പ്യൻഷിപ്പിലും ടീമിനെ വിജയിയാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.
2010ൽ എഫ്സി സിയോൾ കൊറിയൻ ലീഗ് ചാന്പ്യൻമാരായതും അദ്ദേഹത്തിന്റെ മിടുക്കിലാണ്. ഐഎസ്എലിൽ വരാനിരിക്കുന്ന മത്സരങ്ങൾക്കും സൂപ്പർ കപ്പിലും കേരള ബ്ലാസ്റ്റേഴ്സിന് പുത്തനുണർവു നല്കാൻ നെലോയുടെ പരിചയസന്പന്നത മുതൽ കൂട്ടാകുമെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് ഡയറക്ടർ നിതിൻ കുക്റേജ അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഗത്ഭരായ ഫുട്ബോൾ കളിക്കാരെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നു നെലോ വിൻഗാഡയും പറഞ്ഞു.
ഏഷ്യാ കപ്പ് ഇടവേളയ്ക്കുശേഷം ഈ മാസം 25നാണ് ഐഎസ്എൽ അഞ്ചാം സീസണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 25നു രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ എടികെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.