കൊച്ചി: സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്‍ മിഖായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ് വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ പുറത്താക്കി. മൂവരും ചുമതലകള്‍ ഒഴിഞ്ഞതായി ക്ലബ് സ്ഥിരീകരിച്ചു. 12 കളിയില്‍നിന്നുള്ള 11 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. സീസണില്‍ ജയിക്കാനായത് മൂന്നു കളികള്‍ മാത്രം.
ടീമിന്റെ പുതിയ പരിശീലകനെ ക്ലബ് ഉടന്‍ പ്രഖ്യാപിക്കും. കെബിഎഫ്സി റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്മെന്റ് ഹെഡുമായ തോമഷ് തൂഷ്, സഹപരിശീലകന്‍ ടി.ജി. പുരുഷോത്തമന് എന്നിവര്‍ക്കായിരിക്കും പുതിയ നിയമനം സ്ഥിരീകരിക്കുന്നതുവരെ പ്രധാന ടീമിന്റെ പരിശീലക ചുമതല.
ഇവാന് വുകോമനോവിച്ചിനെ പുറത്താക്കിയതിനു പിന്നാലെ 2024 മേയ് 23നാണ് സ്വീഡിഷ് മുന്‍ താരം മിഖായേല്‍ സ്റ്റാറെയെ പുതിയ കോച്ചായി നിയമിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ 11-ാം പരിശീലകനായി എത്തിയ സ്റ്റാറേക്ക് 2026 വരെ കരാറുണ്ടായിരുന്നു. എന്നാല്‍, ടീമിന്റെ ദയനീയ പ്രകടനം സീസണ് അവസാനിക്കുംമുമ്പേ കോച്ചിന്റെ പുറത്താക്കലിനു വഴിയൊരുക്കി. ഐഎസ്എല്‍ ക്ലബ് നിയന്ത്രിക്കുന്ന ആദ്യ സ്വീഡിഷ് താരമെന്ന സവിശേഷതയോടെ എത്തിയ സ്റ്റാറെക്കു കീഴില്‍ മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിനു ജയിക്കാനായത്.
കലിപ്പിൽ
ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ആരാധകക്കൂട്ടവും ടീമിനെ കൈവിട്ട നിലയിലാണ്. കോച്ചിന്റെ പെട്ടെന്നുള്ള പിരിച്ചുവിടല്‍, സ്വന്തം കഴിവുകേടില്നിന്നു ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് കൂട്ടായ്മയായ മഞ്ഞപ്പട പ്രതികരിച്ചു.
“സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുപകരം, ഒരു പരിശീലകനെ ബലിയാടാക്കാനാണ് ടീം തീരുമാനിച്ചത്. കോച്ചിനെ പുറത്താക്കുന്നത് ടീമിലെ ആഴത്തിലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമാകില്ല, മാനേജ്മെന്റിന്റെ ബലിയാടാക്കല്‍ തന്ത്രങ്ങളിലൂടെ തങ്ങളെ കബളിപ്പിക്കാനാകില്ലെ”ന്നും മഞ്ഞപ്പട സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ബലിയാട്…!
മിഖായേല്‍ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യപരിശീലകനായപ്പോൾ സ്റ്റാർ പ്രകടനമായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, വെറും 16 മത്സരങ്ങൾ മാത്രം ക്ലബ്ബിനൊപ്പം ചെലവിട്ടശേഷം സ്റ്റാറെ കൊച്ചി വിടുന്നു.
സ്റ്റാറെയെ ബലികഴിപ്പിച്ച് മുഖം രക്ഷിക്കുകയാണ് ടീം അധികൃതർ ചെയ്തതെന്ന് മഞ്ഞപ്പട ആരാധകർ തുറന്നടിച്ചു. ശരിയാണ്, 2024-25 സീസണ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ കേരള ബ്ലാസ്റ്റേഴ്സ് റിക്രൂട്ടിംഗിനെതിരേ മഞ്ഞപ്പട ആരാധകർ രംഗത്ത് എത്തിയതാണ്. നല്ല റിക്രൂട്ടിംഗ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയില്ല എന്നതായിരുന്നു ആരാധകരുടെ ആരോപണം.
മഞ്ഞപ്പട ആരാധകരുടെ അന്നത്തെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള പ്രകടനം. 2020-21 സീസണിനുശേഷം ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം പ്രകടമാണ് നിലവിലെ സീസണിൽ ഇതുവരെ കണ്ടത്. 2020-21 സീസണിൽ 17 പോയിന്റുമായി 10-ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. 2024-25 സീസണിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 11 പോയിന്റുമായി 10-ാം സ്ഥാനത്താണ് കൊച്ചി ക്ലബ്.
കോച്ച് കുറ്റക്കാരനോ…?
ആയുധമില്ലാതെ അഭ്യാസം കാണിക്കാൻ കോച്ചിനല്ല, ലോകത്തിൽ ഒരു അഭ്യാസിക്കും സാധിക്കില്ല എന്നത് വാസ്തവം. എങ്കിലും മിഖായേല്‍ സ്റ്റാറെയെ ബലിദാനം നൽകി ബ്ലാസ്റ്റേഴ്സ് അധികൃതർ കൈകഴുകി. എന്നാൽ, ഈ നീക്കം അംഗീകരിക്കാൻ മഞ്ഞപ്പട ആരാധകർ തയാറായില്ലെന്നതും ശ്രദ്ധേയം. സ്റ്റാറെയെ പുറത്താക്കിയാൽ തീരുന്നതല്ലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നമെന്ന് ആരാധക കൂട്ടായ്മ സോഷ്യൽ മീഡിയയിൽ തുറന്നടിച്ചു.
നല്ല ടീം ഇല്ല എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രശ്നം. അഡ്രിയാൻ ലൂണയെ മുൻനിർത്തിയായിരുന്നു മുൻസീസണുകൾ കേരള ബ്ലാസ്റ്റേഴ്സിനെ ഇവാൻ വുകോമനോവിച്ച് കെട്ടിപ്പടുത്തത്. എന്നാൽ, 2024-25 സീസണിൽ നോഹ് സദൗയിയും ജെസ്യൂസ് ഹിമെനെസും എത്തിയതോടെ ലൂണയുടെ റോൾ കുറഞ്ഞു. അപ്പോഴും ഗോൾ വലയ്ക്കു മുന്നിൽ കൈചോരാത്ത ഒരു കീപ്പർ ഇല്ലെന്ന പ്രശ്നം മുഴച്ചുനിന്നു.
സച്ചിൻ സുരേഷ്, സോം കുമാർ എന്നിവരുടെ കൈകൾ ചോർന്നു മാത്രം കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഇരന്നുവാങ്ങിയ മത്സരങ്ങളുമുണ്ട്. പ്രതിരോധവും ഗോൾ കീപ്പറും മികച്ച നിലവാരം പുർത്താത്തതാണ് ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം. അതിൽ മാറ്റമുണ്ടാകാതെ സാക്ഷാൽ പെപ് ഗ്വാർഡിയോളയെ മുഖ്യപരിശീലകനാക്കിയാലും കേരള ബ്ലാസ്റ്റേഴ്സിനു ജയിക്കാൻ സാധിക്കില്ല.
കാരണം, പരിശീലകനു ഡഗ്ഗൗട്ടിൽ നിന്നു നിർദേശവും തന്ത്രവും പറഞ്ഞു നൽകാനേ സാധിക്കൂ, കളത്തിൽ ഇറങ്ങി കളിക്കാൻ കഴിയില്ല. കോച്ച് വാഴാത്ത ക്ലബ് എന്ന വിമർശനം സ്റ്റാറെയെ പുറത്താക്കിയതിലൂടെ ബ്ലാസ്റ്റേഴ്സ് അരക്കിട്ടുറപ്പിച്ചിരിക്കുകയാണെന്നതും മറ്റൊരു വാസ്തവം…