എം.ജി. ലിജോ
നാടാന് ഭാഷയില്‍ പറഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിന്റെ ചങ്കാണ് ഫാന്‍സ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീണ്ടുകിടക്കുന്ന ഫാന്‍സ് ടീമിനു പിന്നില്‍ കോട്ടപോലെ നില്ക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫാന്‍സുകാരുടെ പിന്തുണ ഇത്രത്തോളം ലഭിക്കുന്ന മറ്റൊരു ടീം ഉണ്ടാകില്ല. തുടര്‍ച്ചയായി തോറ്റപ്പോഴും ടീമിനെ കൈവിടാതിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ശനിയാഴ്ച്ച കൊച്ചിയില്‍ വ്യത്യസ്തമായൊരു പ്രതിഷേധത്തിനാണ് തയാറെടുക്കുന്നത്.
പ്രതിഷേധം എതിരാളികളായ ചെന്നൈയ്ന് എഫ്സിക്കെതിരേ അല്ല, അവരുടെ പരിശീലകനായ മാര്‍ക്കോ മറ്റെരാസിക്കെതിരേയാണ്. ചെന്നൈയില്‍ ആദ്യപാദത്തിനുശേഷം നടന്ന സംഭവങ്ങളാണ് മുഖംമൂടി പ്രതിഷേധത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്. മത്സരശേഷം ഹസ്തദാനം നല്‍കാനെത്തിയ ബ്ലാസ്റ്റേഴ്സ് താരങ്ങളെ മറ്റെരാസി പിടിച്ചുതള്ളിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മൈക്കിള്‍ ചോപ്ര ഉള്‍പ്പെടെയുള്ള താരങ്ങള്‍ പിടിച്ചുമാറ്റാനെത്തിയതോടെ സംഘര്‍ഷം കൈവിട്ടുപോകാതെ ഒതുക്കിതീര്‍ത്തു. എന്നാല്‍ ആരാധകര്‍ വിട്ടുകൊടുക്കാന്‍ തയാറായിട്ടില്ല. തങ്ങളുടെ താരങ്ങളെ അപമാനിച്ച മറ്റെരാസിക്കെതിരേ ഗാലറികളില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തുമെന്ന് ആരാധകര്‍ രാഷ്ട്രദീപികഡോട്ടകോമിനോട് പറയുന്നു.
ബ്ലാസ്റ്റേഴ്സിന്റെ കട്ട ഫാന്‍സാണ് പ്രതിഷേധത്തിനായി സിദാന്റെ മുഖംമൂടിയെന്ന ആശയം കൊണ്ടുവന്നത്. 2006ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ സിനദീന്‍ സിദാന് തലയ്ക്കടിയേറ്റ് മറ്റെരാസി വീണിരുന്നു. ഇതാണ് സിദാന്റെ മുഖംമൂടിക്കു പിന്നിലെ സൈക്കോളജിക്കല്‍ മൂവിനു പിന്നിലെന്ന് പ്രതിഷേധത്തിനു നേതൃത്വം നല്കുന്നവരില് ഒരാളായ അഷീം പറയുന്നു.
ശനിയാഴ്ച്ച കളി കാണാനെത്തുന്ന ആരാധകര്‍ക്ക് വിതരണം ചെയ്യാനായി 35,000ത്തോളം മുഖംമൂടികള്‍ തയാറാക്കിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോട്ടുമായിട്ടാണ് മുഖംമൂടികള്‍ ഒരുക്കിയത്. മത്സരദിവസം സ്റ്റേഡിയത്തിനു പുറത്തുനിന്നും ഇവ വാങ്ങാനാകും. പത്തുരൂപയാണ് ഒരു മുഖംമൂടിക്കു ആരാധകര്‍ കൊടുക്കേണ്ടത്. സൗജന്യമായിട്ട് നല്‍കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഒരു മുഖംമൂടിക്ക് എട്ടുരൂപയോളം ചെലവു വരുമെന്നതിനാല്‍ പത്തുരൂപ ഈടാക്കാന്‍ തീരുമാനിച്ചതെന്ന് അണിയറക്കാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. മുഖംമൂടികള്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തിക്കും. വിതരണം ചെയ്യുന്നതിനായി 50ഓളം പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ പ്രതിഷേധത്തെക്കുറിച്ച് ഞങ്ങള്‍ ബ്ലാസ്റ്റേഴ്സ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. പ്രതിഷേധപ്രകടനം ടീം മാനേജ്മെന്റിന്റെ അനുമതിയോടെയല്ലെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ടീം വക്താവ് തയാറായില്ല.