ഐഎസ്എല്‍ അഞ്ചാം സീസണില്‍ മോശം പ്രകടനം കാഴ്ച്ചവച്ച ബ്ലാസ്റ്റേഴ്സിനെ ട്രോളി കൊല്ലുകയാണ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഫേസ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്ത പുതിയ കവര്‍ ചിത്രത്തിനാണ് ഇപ്പോള്‍ ട്രോള്‍ പെരുമഴ. ക്രിസ്തുമസ് അപ്പൂപ്പന്റെ തൊപ്പി വച്ച രീതിയിലുള്ള ലോഗോയാണ് ഫേസ്ബുക്കില്‍ ബ്ലാസ്റ്റേഴ്സ് അപ്ഡേറ്റ് ചെയ്തത്. ഈ ചിത്രത്തിനാണ് ട്രോള്‍ അഭിഷേകം.
‘തോറ്റ് തൊപ്പിയിട്ടതാണല്ലേ’ എന്ന് ഒരു ആരാധകന് കമന്റിട്ടപ്പോള്‍, മറ്റൊരു ആരാധകന്റേത് ‘ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പറ്റിയ പെര്ഫകട് കവര്‍ ഫോട്ടോ’ എന്നായിരുന്നു. ‘എഫ്ബി പോസ്റ്റിലേക്കല്ല തള്ളേണ്ടത്, എതിരാളിയുടെ പോസ്റ്റിലേക്കാണ് തള്ളേണ്ടത്’, ‘സാധാരണ തോക്കുമ്പോള്‍ ഞങ്ങടെ അവിടെ ഒക്കെ മുണ്ടാ പതിവ്.. തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊപ്പി വാങ്ങിയതിന്റെ കടം വീട്ടിയോ എന്ന ചോദ്യവും പലരും ചോദിക്കുന്നുണ്ട്.
സീസണില്‍ 12 മത്സരങ്ങളില്‍ ഒരു ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. ടീമിന്റെ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന് ഡേവിഡ് ജെയിംസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.