കൊച്ചി: സതേണ് ഡെർബിയിൽ കൊന്പന്മാർ മുട്ടുമടക്കി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ വൈരിപ്പോരാട്ടത്തിൽ ബംഗളൂരു എഫ്സി 3-1നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നിലംപരിശാക്കി.
തകർപ്പൻ കളി പുറത്തെടുത്തെടുത്തെങ്കിലും തോൽവി ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ഐഎസ്എൽ പത്താം സീസണിൽ കൊച്ചി ടീമിന്റെ രണ്ടാം തോൽവിയാണിത്. രണ്ടു തോൽവിയും ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽനെഹ്റു സ്റ്റേഡിയത്തിലാണെന്നതും ദുഃഖകരം.
ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പിഴവുകൾ മുതലെടുത്താണ് ബംഗളൂരു രണ്ട് ഗോൾ നേടിയത്. ബംഗളൂരുവിനായി പെരേര ഡയസ് (8’) അന്റോണിയോ മെൻഡസ് (74’, 90+4’) എന്നിവർ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി ജെസ്യൂസ് ജിമെനെസ് (45+2’, പെനാൽറ്റി) ആശ്വാസ ഗോൾ കണ്ടെത്തി. തോൽവി അറിയാതെ മുന്നേറുന്ന ബംഗളൂരു ആറു മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ലീഗിന്റെ തലപ്പത്തു തുടരുന്നു. എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
സദോയ് കളിച്ചില്ല
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മുന്നേറ്റനിരയിലെ സൂപ്പർതാരം നോഹ് സദോയിയെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരേ ഇറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ പകരക്കാരന്റെ റോളിൽ ഇറങ്ങി ഗോളടിച്ച ഖ്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ ചുക്കാൻ ഏറ്റെടുത്തത്.
ആദ്യമിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി കോർണർ കിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നീട് തുടർച്ചയായി രണ്ടു തവണ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് എത്തി. എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ബംഗളൂരുവിന്റ ആദ്യഗോൾ.
അപകടകരമല്ലാത്ത പന്ത് തട്ടി അകറ്റുന്നതിൽ പ്രതിരോധനിരതാരം പ്രീതം കോട്ടാൽ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. ഖ്വാമെ പെപ്രയെ ബംഗളൂരു പ്രതിരോധനിരതാരം രാഹുൽ ബെക്കെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു റഫറി പെനാൽറ്റി വിധിച്ചു. ജിമെനെസ് കിക്ക് വലയിലാക്കി.
74-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പിഴവിൽ നിന്ന് ബംഗളൂരു ലീഡ് എടുത്തു. അപകടകരമല്ലാത്ത ഒരു ഫ്രീകിക്ക് കൈപ്പിടിയിലാക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് ഗോളി സോം കുമാർ പരാജയപ്പെട്ടു.ബോക്സിൽ വീണ പന്ത് ബംഗളൂരു പകരക്കാരൻ അന്റോണിയോ മെൻഡസ് വലയിലാക്കി.
രണ്ട് അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. കളിതീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മെൻഡസ് വീണ്ടും ബ്ലാസ്റ്റേഴ്സ് വലയിൽ പന്ത് നിക്ഷേപിച്ചു. തോൽവി പൂർണം.
വി.ആർ. ശ്രീജിത്ത്