മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തുടർച്ചയായ രണ്ടാം തോൽവി. ഹോം മത്സരത്തിൽ ബംഗളൂരു എഫ്സിയോടു പരാജയപ്പെട്ടശേഷം മുംബൈയിൽ മുംബൈ സിറ്റി എഫ്സിക്കെതിരേ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനു രക്ഷയില്ലായിരുന്നു.
4-2നായിരുന്നു ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കു മുന്നിൽ തോറ്റത്. 72-ാം മിനിറ്റിൽ ഖ്വാമെ പെപ്ര രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തായശേഷമായിരുന്നു മുംബൈ രണ്ടു ഗോൾ നേടിയത്.
നികോസ് കറേലിസ് (9’, 55’ പെനാൽറ്റി) മുംബൈക്കുവേണ്ടി ഇരട്ട ഗോൾ നേടി. നഥാൻ റോഡ്രിഗസ് (75’), ചാങ്തെ (90’ പെനാൽറ്റി) എന്നിവരും മുംബൈക്കുവേണ്ടി സ്കോർ ചെയ്തു. ജെസ്യൂസ് ജിമെനെസ് (57’ പെനാൽറ്റി), ഖ്വാമെ പെപ്ര (71’) എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടക്കാർ.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 3-2ന് ഒഡീഷ എഫ്സിയെ തോൽപ്പിച്ചു. ഒന്പതു പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തെത്തി. എട്ടു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്.