കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ട്രയല്‍ റണ്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കൊച്ചി കോര്പറേഷന് സെക്രട്ടറി എന്നിവരോടാണ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്.
റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തിരുന്നു. അതേസമയം, ട്രയല്‍ റണിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ തങ്ങളെ അറിയിച്ചിട്ടില്ലെന്ന സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിനോടും വിശദീകരണം തേടിയിട്ടുണ്ട്.
22-നാണ് കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 സെലക്ഷന് ട്രയല്‍സിന് കൊച്ചിയിലെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിന് താരങ്ങളെ വെട്ടിലാഴ്ത്തി എറണാകുളം പമ്പള്ളിനഗറിലെ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടിലെ ഗേറ്റ് പൂട്ടിയത്.
രാവിലെ ആറിന് ഗേറ്റ് തുറക്കുമെന്നും ഏഴോടെ ആദ്യ രജിസ്ട്രേഷനും ഏഴരയ്ക്ക് രണ്ടാംഘട്ട രജിസ്ട്രേഷനും പൂര്‍ത്തിയാക്കുമെന്നായിരുന്നു കുട്ടികള്‍ക്ക് ബ്ലാസ്റ്റേഴ്സ് അധികൃതരില്‍ നിന്നും ലഭിച്ച അറിയിപ്പ്.
ഇതുപ്രകാരമാണ് പലരും പുലര്‍ച്ചെ എത്തിയത്. സെലക്ഷന് ട്രയല്‍സ് നടത്തുന്നതിന് മുന്‍കൂട്ടി അറിയിപ്പ് വാങ്ങിയില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് എട്ട് മാസത്തെ വാടകയിനത്തില്‍ എട്ട് ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടി സ്കൂളിന്റെ ഗേറ്റ് തുറക്കാന്‍ ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റെ കുന്നത്തുനാട് എംഎല്‍എയുമായ പി.വി. ശ്രീനിജന് വിസമ്മതിച്ചതോടെയാണ് താരങ്ങളും രക്ഷിതാക്കളും വലഞ്ഞത്.
എംഎല്‍എയുടെ നടപടി വിവാദമായതോടെ കായിക മന്ത്രിയടക്കം വിഷയത്തില്‍ ഇടപെട്ടു. ബ്ലാസ്റ്റേഴ്സ് കുടിശിക നല്‍കാനില്ലെന്ന പ്രതികരണവുമായി സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.
ഷറഫലിയും രംഗത്തെത്തി. ഒടുവില്‍ ഗേറ്റ് തുറന്ന് സെക്ഷന്‍ ട്രയല്‍സ് ആരംഭിച്ചതോടെ പ്രശ്ന പരിഹാരമായെങ്കിലും സംസ്ഥാന ജില്ലാ സ്പോട്സ് കൗണ്‍സിലുകള്‍ തമ്മിലുള്ള വാക്പോര് തുടരുകയാണ്.