മഡ്ഗാവ്: സർവരാജ്യ ബ്ലാസ്റ്റേഴ്സ് ആരാധകരേ, നിങ്ങൾ കാത്തിരുന്ന അസുലഭ നിമിഷത്തിന്റെ ആദ്യപാദ ലോഡിംഗ് പൂർത്തിയായി.
സഹൽ അബ്ദുൾ സമദ് എന്ന മലയാളി ചുണക്കുട്ടന്റെ ക്ലിയർ കട്ട് ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്സ് 1-0ന് ഐഎസ്എൽ ഫുട്ബോൾ ആദ്യപാദ സെമി ഫൈനലിൽ ജംഷഡ്പുർ എഫ്സിയെ കീഴടക്കി.
ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയെത്തിയ ജംഷഡ്പുരിന്റെ തലക്കനത്തിനു മുകളിൽ നാലാംനാൾ കൊന്പന്മാരുടെ ചിന്നംവിളി… ഫൈനലിലേക്കുള്ള മഞ്ഞപ്പടയുടെ ആദ്യ ചുവട് അതോടെ പെർഫെക്ട് ഓക്കെ!
സൂപ്പർ ഡ്യൂപ്പർ സഹൽ
ജംഷഡ്പുരിന്റെ ചിമ ചുക്കു (9′, 19′) മുബഷീർ (34′) എന്നിവർ മൂന്ന് തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനു ശേഷമായിരുന്നു സഹലിന്റെ ഗോൾ. 38-ാം മിനിറ്റിലാണ് കളിയെ രണ്ടായി പകുത്ത സഹൽ ഗോൾ. മൈതാന മധ്യത്തിൽനിന്ന് ആൽവാരോ വാസ്ക്വെസ് നീട്ടിനൽകിയ പന്തിനായി സഹൽ ഓട്ടം ആരംഭിച്ചു.
സഹലിനെ മാർക്ക് ചെയ്ത് ജംഷഡ്പുരിന്റെ റിക്കി ലല്ലൗമവൗമയും ഓടിക്കയറി. താഴ്ന്നുവന്ന പന്ത് ഹെഡ് ചെയ്ത് അകറ്റാൻ റിക്കി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പന്ത് ക്ലിയർ ചെയ്യാനായി ജംഷഡ്പുരിന്റെ മലയാളി ഗോളി ടി.പി. രഹനേഷ് ബോക്സിന്റെ അർധ വൃത്തത്തിന് അടിത്തെത്തി. എന്നാൽ, നിലത്ത് വീണ് ഉയർന്ന പന്ത്, രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ ഉയർത്തിവിട്ട് സഹൽ വല കുലുക്കി. അസാമാന്യമായ ഫിനിഷിംഗ്, 1-0ന് ബ്ലാസ്റ്റേഴ്സ് മുന്നിൽ.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് പ്രസിംഗും കൗണ്ടർ പ്രസിംഗും ടാക്ലിംഗും ക്ലിയറിംഗും ശക്തമാക്കി. 58-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ഫ്രീകിക്ക് ഇൻസൈഡ് പോസ്റ്റിൽ ഇടിച്ച് മടങ്ങിയത് അവിശ്വസനീയതയോടെ കണ്ടിരിക്കാനേ ഏവർക്കും സാധിച്ചുള്ളൂ.
ജംഷഡ്പുരിന്റെ മുന്നേറ്റങ്ങൾ മാർക്കോ ലെസ്കോവിച്ചും ഹോർമിപാമും ചേർന്ന് ക്ലീനായി ക്ലിയർ ചെയ്തത് മത്സരത്തിൽ നിർണായകമായി.ലൂണയുടെയും സഹലിന്റെയും വാസ്ക്വെസിന്റെയും കൂർമ ബുദ്ധിയും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.
വാസ്ക്വെസിനെ ജംഷഡ്പുർ ക്യാപ്റ്റൻ ഹാർട്ട്ലി തോളുകൊണ്ട് ഇടിച്ച് തെറിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഓഫീഷലിനോട് ഇത് ബാസ്കറ്റ്ബോൾ അല്ല, ഫുട്ബോൾ ആണെന്ന് ധരിപ്പിച്ചെന്നതും ശ്രദ്ധേയം.