കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് എവേ പോരാട്ടത്തിൽ ജയം. നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിനെ 1-0നാണ് കേരള ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. ഇതോടെ, 2023 കലണ്ടർ വർഷം ജയമാഘോഷിച്ച് സന്തോഷത്തോടെ അവസാനിപ്പിക്കാനും കൊമ്പന്മാർക്കു സാധിച്ചു.
ഒന്പതാം മിനിറ്റിൽ ഗ്രീക്ക് സെന്റർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസ് നേടിയ മിന്നും ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ ദിമി തൊടുത്ത മറ്റൊരു ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചിരുന്നു.
ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിലും അത് നിലനിർത്തി. ആദ്യ പകുതിയിൽ ബഗാനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു കൊച്ചി ടീം കാഴ്ചവച്ചത്.
ബ്ലാസ്റ്റേഴ്സ് ഒന്പത് ഷോട്ട് തൊടുത്തപ്പോൾ ബഗാന് ഒരു തവണപോലും ഷോട്ട് പായിക്കാൻ ആദ്യ പകുതിയിൽ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ബഗാൻ ഷോട്ട് പായിക്കുന്നതിൽ വിജയിച്ചെങ്കിലും ഗോൾ വഴങ്ങാൻ ബ്ലാസ്റ്റേഴ്സ് കൂട്ടാക്കിയില്ല.
തലപ്പത്ത്
ജയത്തോടെ 12 മത്സരങ്ങളിൽ 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. ഒന്പത് മത്സരങ്ങളിൽ 23 പോയിന്റുള്ള എഫ്സി ഗോവയാണ് രണ്ടാമത്. 29-ാം തീയതി ഗോവ കളത്തിൽ ഇറങ്ങും.
അതേസമയം, മോഹൻ ബഗാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 10 മത്സരങ്ങളിൽ 19 പോയിന്റുമായി അഞ്ചാമതാണ് ബഗാൻ.