അതേ, കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ രണ്ടും കല്പിച്ചുതന്നെ. മികച്ചൊരു കോച്ചിനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് പുതിയതായി കരാറിലെത്തിയ യുവതാരവും സൂപ്പര് തന്നെ. ഐഎസ്എല്ലില് ഒരു ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക് നേടിയ ബൂട്ടുകളുടെ ഉടമ, തോംപോസിംഗ് ഹോകിപിനെയാണ് മഞ്ഞ ജേഴ്സിയിലെത്തിച്ചത്.
22കാരനായ ഹോകിപിനെ ഫുട്ബോള് ആരാധകര് സെംബോയ് എന്ന പേര് ചൊല്ലിയാണ് വിളിക്കുന്നത്. എഫ്സി ഗോവക്കായി അവസാന മത്സരങ്ങളില് ബൂട്ട് കെട്ടിയ മണിപ്പൂരുകാരന് ആറു മത്സരങ്ങളില് എതിര്വല ചലിപ്പിച്ചത് നാലു തവണയാണ്. 2014-15 ഐ ലീഗ് സീസണില് ഷില്ലോംഗ് ലാജോങിനെതിരെ പതിനഞ്ച് മിനിറ്റിനിടെ ഹാട്രിക് നേടിയിരുന്നു ഹോകിപ്. കൂടാതെ സീസണില് കൂടുതല് ഗോള് നേടിയ ഇന്ത്യക്കാരനെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി ( 18 മത്സരങ്ങളില് 7 ഗോള്).
ദേശീയ ടീമിലും ഈ സുന്ദരന് മികവ് കാണിച്ചിട്ടുണ്ട്. അണ്ടര് 23 ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ ഹോകിപ് 2014ലെ ഏഷ്യന് ഗെയിംസ് ഇന്ത്യന് ടീമിലിടം പിടിച്ചിരുന്നു. കഴിഞ്ഞ ഐഎസ്എല് സീസണില് ഹാട്രിക് നേടി ഐലീഗിലും ഐഎസ്എലിലും ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്ഡും സ്വന്തം പേരിലാക്കി മാറ്റി. ആദ്യ രണ്ടു സീസണിലും മുന്നേറ്റനിര ദുര്ബലമായ ബ്ലാസ്റ്റേഴ്സിന് ഹോകിപിന്റെ വരവ് ഗുണംചെയ്യും.