കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴു മാസം മാത്രം ബാക്കിനില്‍ക്കെ കര്‍ഷകരുടെ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവില്ലാത്ത ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ജില്ലയുടെ കാര്‍ഷിക അടിത്തറയായ റബര്‍, നെല്ല് കര്‍ഷകരുടെ പ്രതീക്ഷകള്‍ തരിപ്പണമായി. ഒരു കിലോ ഷീറ്റിന് 180 രൂപ ഉറപ്പാക്കുന്ന സബ്സിഡി സ്കീം തുടരുമോ എന്നതുപോലും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
സംസ്ഥാനത്തെ എട്ടു ലക്ഷം ചെറുകിട കര്‍ഷകരുടെ ജീവിതമാര്‍ഗമാണ് റബര്‍. കൂടാതെ സംസ്ഥാനത്തിന് ഏറ്റവും വരുമാനം നല്കുന്ന കൃഷിയുമാണിത്.1914 മുതല്‍ സംസ്ഥാന ബജറ്റുകളില്‍ 500 കോടി രൂപ വീതം റബര്‍ വിലസ്ഥിരതയ്ക്ക് മാറ്റിവച്ചിരുന്നു.
റബര്‍ താങ്ങുവില 250 രൂപയാക്കുമെന്നു തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് വില 200 രൂപയായി പ്രഖ്യാപിക്കാന്‍പോലും ഇന്നലെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 500 കോടിയില്‍ 20 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കൂടാതെ രണ്ടു മാസത്തെ സബ്സിഡി കുടിശികയുമുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ച 500 കോടിയില്‍ 60 കോടി മാത്രമാണ് വിനിയോഗിച്ചത്.
ചുരുക്കത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം ഈ പദ്ധതിയില്‍ വകയിരുത്തിയ തുകയില്‍ 900 കോടിക്കു മുകളില്‍ ബാക്കി വന്നിരുന്നു. ഈ തുക മാത്രം വിനിയോഗിച്ചാല്‍ റബറിന് 225 രൂപ ഉറപ്പാക്കാമായിരുന്നു. പദ്ധതി തുടരാന്‍പോലും സര്‍ക്കാരിന് താത്പര്യമില്ലാതെ വന്നിരിക്കെ വ്യവസായികള്‍ വില കുത്തനെ ഇടിക്കും.
180 രൂപ അടിസ്ഥാന വില വന്നതിനുശേഷം വ്യവസായികള്‍ വില ഇതില്താഴേക്ക് ഇടിക്കാന്‍ താത്പര്യപ്പെട്ടില്ല. ന്യായവിലയ്ക്ക് റബര്‍ നേരിട്ട് ഏജന്‍സികള്‍ മുഖേന സംഭരിക്കണമെന്ന ആവശ്യത്തിനും അനുമതിയുണ്ടായില്ല. ലാറ്റക്സിനും മെച്ചപ്പെട്ട സബ്സിഡി ലഭിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല.
ക്ഷീരകര്‍ഷകർക്കും രക്ഷയില്ല
കോട്ടയം: പശുവിനെ വളര്‍ത്തണം, പാത്രം നിറയ്ക്കണം എന്നു പറയുന്നതല്ലാതെ പശുവിനും കര്‍ഷകനും ബജറ്റില്‍ സഹായമില്ല. റബറും നെല്ലും കഴിഞ്ഞാല്‍ ജില്ലയില്‍ കൂടുതല്‍ പേരുടെ ഉപജീവനമാര്‍ഗമാണ് പശു വളര്‍ത്തല്‍. ജില്ലയില്‍ അറുപതിനായിരത്തിലേറെ ക്ഷീരകര്‍ഷകരാണുള്ളത്.
കാലിത്തീറ്റ വില സബ്സിഡി, പാല് അളവ് ഇന്‍സെന്റീവ് എന്നിവയ്ക്കൊന്നും പണം അനുവദിച്ചില്ല. ക്ഷീര കര്‍ഷക ഇന്‍ഷ്വറന്‍സ്, ക്ഷേമനിധി എന്നിവയില്‍ പരാമര്‍ശമില്ല.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.6 കോടി രൂപ അധികം അനുവദിച്ച് ഇത്തവണ 120.93 കോടി രൂപയാണ് ക്ഷീരമേഖലയ്ക്ക് വകയിരുത്തുന്നത്. എന്നാല്‍ ഇത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമുള്ളതാണ്.
കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുകയില്ല. നെടിയേല്ത്തരിയിലും മൂര്‍ക്കനാട്ടും കാലിത്തീറ്റ ഫാക്ടറിയും പാല്‍പ്പൊടി യൂണിറ്റും തുടങ്ങുമെന്നു പറയുന്ന ബജറ്റില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് ഡയറി കോളജിനും പണം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷീര സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടിനുള്ള തുകയുടെ കാര്യത്തില്‍ മൗനമാണ്.
കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് കര്‍ഷകര്‍ക്ക് കാര്യമായി പ്രയോജനപ്പെടുന്നില്ല.കാലിത്തീറ്റ വിലവര്‍ധ ഉള്‍പ്പെടെ ചെലവുകള്‍ അനുദിനം വര്‍ധിക്കുമ്പോഴും പാല് അളക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുക വര്‍ധിക്കുന്നില്ല. ഇതുമൂലം ഏറെപ്പേരും ക്ഷീരമേഖലയില്‍ നിന്നും പിന്‍വാങ്ങുകയാണ്.
നെല്‍കര്‍ഷകര്‍ ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു
കോട്ടയം: അവഗണനയില്‍ സഹികെട്ട നെല്‍കര്‍ഷകര്‍ ഇന്നലെ കുട്ടനാട് മങ്കൊമ്പില്‍ സംസ്ഥാന ബജറ്റ് കത്തിച്ചു. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് നേരത്തും കാലത്തും വില വിതരണം ചെയ്യില്ലെന്നു മാത്രമല്ല കിലോ വില 28.20 രൂപയില്‍നിന്ന് നയാ പൈസ വര്‍ധിപ്പിക്കാത്തതില്‍ നെല്‍കര്‍ഷക സമിതി ശക്തമായ പ്രതിഷേധിച്ചു.
14 വര്‍ഷം മുന്‍പ് ഒരു കിലോ നെല്ലിന് അനുവദിച്ച 20 പൈസ തോതില്‍ കൈകാര്യച്ചെലവ് വര്‍ധിപ്പിക്കമെന്ന ആവശ്യവും പാലിക്കപ്പെട്ടില്ല. നിലവില്‍ ലഭിക്കുന്ന 28.20 രൂപയില്‍ 23 രൂപയും കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി വിഹിതമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 4.32 പൈസ മാത്രം.
കേന്ദ്രം സബ്സിഡി കൂട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 5.20 രൂപയുടെ കുറവ് വരുത്തി. ഓരുവെള്ളം ഉള്‍പ്പെടെ വിവിധ പ്രതിസന്ധികളില്‍ ഉഴലുന്ന അപ്പര്‍ കുട്ടനാടിലെ കര്‍ഷകര്‍ക്ക് ബജറ്റ് നിരാശ മാത്രമാണ് സമ്മാനിച്ചത്. കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ തുക ആറു മാസത്തെ കാത്തിരിപ്പിനും പ്രക്ഷോഭത്തിനും ഒടുവിലാണ് വിതരണം ചെയ്തത്. യന്ത്രം, വളം, തൊഴില്‍ കൂലി എന്നിവയുടെ നിരക്ക് ഇതേ കാലത്ത് ഇരട്ടിയാവുകയും ചെയ്തു.ു